ദോഹ: ഖത്തർ ലോകകപ്പിൽ വിജയക്കിരീടം ചൂടിയ അർജന്റീനയെ അഭിനന്ദിച്ച് നടൻ ഷാരൂഖ് ഖാൻ. ഫ്രാൻസും അർജന്റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ ഷാരൂഖ് ഖാനും ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും തങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസിക്ക് ഷാരൂഖ് ഖാൻ നന്ദി പറഞ്ഞു.
‘ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പണ്ട് ഒരു ചെറിയ ടിവിയിൽ അമ്മയ്ക്കൊപ്പം വേൾഡ് കപ്പ് കണ്ടത് ഞാൻ ഓർക്കുന്നു. ഇപ്പോൾ എന്റെ കുട്ടികൾക്കും അതേ ആവേശമാണ്!. ഒപ്പം കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസിക്ക് നന്ദി’ ഷാരൂഖ് ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.
ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് രണ്ടു ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്.
അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ മെസിയുടെ ഗോളിൽ വീണ്ടും അർജന്റീന ഉയിർത്തെഴുന്നേറ്റു. പിന്നാലെ എംബാപ്പെയുടെ ഗോളിൽ വീണ്ടും ഫ്രാൻസ് സമനില പിടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഗോളുകൾ കൊണ്ട് വലനിറക്കുകയായിരുന്നു. ഖത്തർ ലോകകപ്പിൽ കിലിയൻ എംബാപ്പെയ്ക്കാണ് ഗോൾഡൻ ബൂട്ട്.
ഗോൾഡൻ ബോൾ ലയണൽ മെസിയും സ്വന്തമാക്കി. ഈ ലോകകപ്പിൽ എട്ട് ഗോളുകളടിച്ചാണ് ഗോൾഡൻ ബൂട്ട് എംബാപ്പെ സ്വന്തമാക്കിയത്. അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന് ഗോൾഡൻ ഗ്ലൗ പുരസ്കാരവും അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് യുവ കളിക്കാരനുളള അവർഡും സ്വന്തമാക്കി.
Post Your Comments