നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ സിനിമയിലേക്ക് കടന്നു വന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആരോഗ്യകരമായ തിരിച്ചുവരവിനായി മലയാളി പ്രേക്ഷകർ ഒരോരുത്തരും ആഗ്രഹിച്ച ശ്രീനിവാസന്റെ പുതിയ ചിത്രമായ കുറുക്കൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും എന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുകയാണ് എന്നും സത്യൻ അന്തിക്കാട് പറയുന്നു. ഇരുവരുമൊത്തുള്ള കുറുക്കൻ സെറ്റിലെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സത്യൻ അന്തിക്കാടിന്റെ കുറിപ്പ്.
‘മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-“ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.” ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു, “ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു’.
Read Also:- നാഗപഞ്ചമി മ്യൂസിക് വീഡിയോ ലോഞ്ച് മണ്ണാറശാലയിൽ നടന്നു
‘രണ്ട് ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന ‘കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷം പോലും അരികിൽ നിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു’ സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments