ഷക്കീല എന്ന നടി പങ്കെടുക്കുന്നതിന്റെ പേരിൽ പ്രോഗ്രാം മാറ്റിവെച്ച് സാമൂഹിക പ്രതിബദ്ധത സാംസ്കാരിക ഔന്നത്യം എന്നിവ തെളിയിച്ച കോഴിക്കോട്ടുകാർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. എന്തൊക്കെ പറഞ്ഞാലും കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് ഏറെ പ്രസക്തമാണ്. പോൺസ്റ്റാർ ആയ സണ്ണി ലിയോൺ ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് അവരെ കാണുന്നതിനുവേണ്ടി എത്തിയിരുന്നത്. മനോരമയടക്കമുള്ള മാധ്യമങ്ങൾ അത്ഭുതകരമാം വിധത്തിൽ വാർത്ത പ്രസിദ്ധീകരിക്കുകയുമുണ്ടായി എന്നത് സ്മരണീയമാണ്. സണ്ണി ലിയോണിൽ ഇല്ലാത്ത എന്ത് വിലക്കാണ് ഷക്കീലയ്ക്ക് ഉള്ളത് എന്ന ആലോചന രസകരമാണ്.
read also: ഗായത്രിയുടെയും വിശാലിന്റെയും ലോകത്തിലേക്ക്: ഫോർ ഇയേഴ്‌സിലെ ‘എൻ കനവിൽ’ എന്ന ഗാനം പുറത്ത്
കേവലം 22 വർഷങ്ങൾക്കു മുമ്പ് ഏതാനും ചിത്രങ്ങളിൽ ശരീരം കാട്ടി അഭിനയിച്ചു പോയി എന്നതിന്റെ പേരിൽ ആ കാലയളവിൽ തന്നെ ഒരുപാട് തിരസ്കരിക്കപ്പെട്ട ഒരു വ്യക്തിയാണ് ഷക്കീല. സൈറാബാനു എന്ന ഡ്യൂപ്പിന്റെ ശരീരവും ഷക്കീല എന്ന താരത്തിന്റെ മുഖവും ചേർന്ന് സിനിമകൾ മലയാളിയുടെ കാഴ്ചകളെ കുളിരണിയിച്ചു എന്നത് ഏറെ വാസ്തവമാണ്. അത് പക്ഷേ, മുഖ്യധാര സിനിമക്കാരുടെ രഹസ്യ വിനോദങ്ങളിൽ ഒന്നും രഹസ്യ കച്ചവടങ്ങളിൽ ഒന്നുമായിരുന്നു എന്ന് വിവരമുള്ള ഏതൊരാൾക്കും മനസ്സിലാകുന്നതാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി ആദിയായ സൂപ്പർസ്റ്റാറുകളുടെ നേർക്കുനേർ മത്സരിക്കുന്ന നിലയിലേക്ക് മലയാളം ഇൻഡസ്ട്രിയിൽ തന്റെ വഴി ഒരുക്കാൻ ഷക്കീല വളർന്നിരുന്നു എന്നത് ചലച്ചിത്ര ചരിത്രത്തിൽ ഉണ്ട്.
ഷക്കീല തരംഗം നില നിന്ന കാലത്ത് സിനിമാ വാരികകളുടെ ഓണപ്പതിപ്പ് മത്സര സമയം. സിനിമാ മംഗളം കാരൻ മെഗാസ്റ്റാറിനോട് കവർ ചിത്രം ചോദിക്കുന്നു. ‘നിങ്ങൾക്ക് ഷക്കീലയല്ലേ വല്യ താരം, അവരെ വെച്ച് ഓണപ്പതിപ്പ് ചെയ്യ്’- എന്ന് മെഗാസ്റ്റാറിൻ്റെ വക പരി ഹാസം. . സിനിമാ മംഗളം കാരൻ ധൈര്യത്തോടെ ഷക്കീലയെ കവർ ചിത്രമായി പതിപ്പ് ചെയ്തു. സംഭവം സൂപ്പർ ഹിറ്റായി വൻ തോതിൽ വാരികകൾ ചിലവാകുകയും ചെയ്തു എന്നത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ ചർച്ചാ വിഷയമാണ്.
ഷക്കീല തരംഗം അവസാനിക്കുമ്പോൾ മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഷക്കീല വിട പറഞ്ഞു. ഷക്കീലയുടെ വിട പറയലിനു കാരണം മുഖ്യധാര എന്നു പറയുന്ന ചലച്ചിത്രങ്ങളുടെ പ്രവർത്തകരും സൂപ്പർ സ്റ്റാറുകളുമായിരുന്നെന്ന് ഏറെക്കുറെ പരസ്യമായ രഹസ്യമാണ്. ഉപജീവനാർത്ഥം ഷക്കീല തെലുങ്ക് ,തമിഴ് ചിത്രങ്ങളിലെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു പോന്നിരുന്നു. ഛോട്ടാ മുംബൈ , തേജാ ഭായ് ആൻഡ് ഫാമിലി എന്നീ മലയാള ചിത്രങ്ങളിലും ഷക്കീല പ്രത്യക്ഷപ്പെട്ടിരുന്നു. ഷക്കീലയെന്ന നടിയുടെ ആത്മ കഥയിലൂടെ സഞ്ചരിക്കുമ്പോൾ അവരുടെ കഷ്ടപ്പാടുകളും പ്രതിസന്ധികളും എല്ലാം വ്യക്തമാകും.
ഇരുപത് വർഷങ്ങൾക്കു ശേഷം തിരിച്ച് വരുമ്പോൾ കുറച്ചു കൂടി മര്യാദ ഷക്കീലയ്ക്ക് നൽകാമായിരുന്നു .. തുണ്ടു പടത്തിലെ മുൻ കാല നായികയെന്നത് ഒരു അയോഗ്യതയല്ല ,അതിൻ്റെ പേരിൽ മാറ്റി നിറുത്തപ്പെടേണ്ട താരവുമല്ല..
ആഗോള തലത്തിൽ ശ്രദ്ധേയയായ സണ്ണി ലിയോണിന് കേരളത്തിൽ വരാം, പരിപാടികളിൽ പങ്കെടുക്കാം. മാധ്യമങ്ങളിൽ അത് ആഘോഷമായി പ്രത്യക്ഷപ്പെടുകയും ചെയ്യുo. മധുരരാജ യിലെ മോഹ
മുന്തിരി യെന്ന ഐറ്റം നമ്പറിൽ പ്രത്യക്ഷപ്പെട്ട സണ്ണിയെ കേരളത്തിലെ കൗമാര യൗവനങ്ങൾ ഹർഷാരവങ്ങളോടെ സ്വീകരിച്ചു. പക്ഷേ ഷക്കീല പങ്കെടുക്കുന്ന ഷോ നടത്താൻ അനുവദിക്കാതെ മാളുകൾ അവരുടെ സംസ്കാരം പ്രകടിപ്പിച്ചു. ലൈംഗികതയും സദാചാരവും കൊട്ടിഘോഷിക്കുന്ന മലയാളികളുടെ ഇരട്ടത്താപ്പ് ഇതിൽ പ്രകടമാണ്.
Post Your Comments