![](/movie/wp-content/uploads/2022/11/nalla-samayam.jpg)
കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് മാറ്റിവച്ചു. ശശനിയാഴ്ച വൈകുന്നേരം കോഴിക്കോടുള്ള ഒരു പ്രമുഖ മാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിയിൽ, നടി ഷക്കീലയെയാണ് അതിഥിയായി തീരുമാനിച്ചത്. എന്നാൽ, പരിപാടിയിൽ ഷക്കീല പങ്കെടുക്കുമെങ്കിൽ പ്രോഗ്രാം നടത്താൻ അനുവാദം നൽകില്ല എന്ന് മാൾ മാനേജ്‌മെന്റ് നിലപാട് സ്വീകരിക്കുകയായിരുന്നു.
ഷക്കീലയെ ഒഴിവാക്കി സിനിമയുടെ അണിയറ പ്രവർത്തകർ മാത്രമായി പരിപാടി നടത്താം എന്നാണ് മാൾ മാനേജ്‌മെന്റിന്റെ നിലപാട്. എന്നാൽ, തങ്ങൾ അതിഥി ആയി ക്ഷണിച്ച ഷക്കീല ഇല്ലാതെ പരിപാടി നടത്തില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സംവിധായകൻ ഒമർ ലുലു. ഇതിന് പിന്നാലെ ട്രെയ്‌ലർ ലോഞ്ച് മാറ്റിവയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തന്റെ വിഷമം അറിയിച്ച് നടി ഷക്കീല സംവിധായകൻ ഒമർ ലുലുവിനൊപ്പം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
‘ഷക്കീലയും ഒരു സിനിമാ താരം മാത്രം ആണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗവും. പക്ഷെ ഇന്നത്തെ ഇത്ര പ്രോഗ്രസീവ് ആയ സമൂഹത്തിനും എന്തിന്റെ പേരിൽ ആണ് ഷക്കീലയോട് അയിത്തം. മലയാള സമൂഹത്തിനു തന്നെ അപമാനകരമായ പ്രവർത്തിയാണ് കോഴിക്കോട് ഉള്ള ഈ മാൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്,’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
Post Your Comments