
ഹൈദരാബാദ്: ഹിറ്റ് ചിത്രം ആർ.ആർ.ആറിന് രണ്ടാം ഭാഗം വരുമെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ എസ്എസ് രാജമൗലി. ‘രുധിരം രണം രൗദ്രം’ അഥവാ ആർ.ആർ.ആർ. എന്ന ചിത്രം രാജ്യത്തും വിദേശത്തും ഒരുപോലെ വൻ വിജയമായിരുന്നു. വിദേശത്ത് നടന്ന ഒരു പരിപാടിയിലാണ് രാജമൗലി ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്.
‘പിതാവായ വിജയേന്ദ്രപ്രസാദാണ് എന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ തയ്യാറാക്കുന്നത്. ആർ.ആർ.ആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ്,’ രാജമൗലി പറഞ്ഞു. രാജമൗലിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയിൽ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരൺ തേജയും, കൊമരം ഭീം ആയി ജൂനിയർ എൻ.ടി.ആറുമാണ് അഭിനയിച്ചത്. അജയ് ദേവ്ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
Post Your Comments