ഭോപ്പാൽ: സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വൈശാലിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്നും ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
മുൻ കാമുകൻ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായും, വളരെയധികം സമ്മർദ്ദത്തിലായിരുന്നു എന്നുമാണ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
‘യേ രിസ്താ ക്യാ കെഹ്‌ലാത ഹേ’, ‘സസുരാൽ സിമർ കാ’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് വൈശാലി. ബിഗ്ബോസ് താരം നിഷാന്ത് മൽക്കാനി നായികയായ ‘രക്ഷാബന്ധൻ’ എന്ന പരമ്പരയിലാണ് താരം അവസാനം അഭിനയിച്ചത്.
Post Your Comments