പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. ഒക്ടോബർ 7 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘റോഷാക്കി’ൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അഭിപ്രായം ഉണ്ട്.
ഇപ്പോളിതാ, സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും മനസ് തുറക്കുകയാണ് ബിന്ദു പണിക്കർ. ‘ റോഷാക്ക്’ വ്യത്യസ്തമായ കഥയാണെന്നും ‘റോഷാക്കിലെ’ കഥാപാത്രം കാലങ്ങൾക്ക് ശേഷം ലഭിച്ച മികച്ച അവസരമാണെന്നും നടി അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: നിവിനും പൊളി ടീമും നവംബറിലെത്തും: ‘സാറ്റർഡേ നൈറ്റ്’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
ബിന്ദു പണിക്കരുടെ വാക്കുകൾ:
‘റോഷാക്കി’ന്റെ കഥയെയും കഥാപാത്രത്തേയും കുറിച്ച് കേട്ടപ്പോൾ ഞാൻ ആദ്യം സംവിധായകനോട് പറഞ്ഞത് ഇതൊരു വല്ലാത്ത കഥയാണെന്നാണ്. എൻ്റെ മനസിൽ നിന്ന് ഇപ്പോഴും ആ കഥയുടെ ഫീൽ ഇറങ്ങിയിട്ടില്ല. അഭിനയിക്കാൻ പറയുമ്പോൾ ഞാൻ ആ കഥാപാത്രം എന്താണോ അതിലേയ്ക്ക് മാറും. എല്ലാവരും പറയുന്നത് പോലെ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്നുവെന്നൊന്നും പറയാൻ എനിക്ക് അറിയില്ല. അഭിനയിക്കണം എന്ന് പറയുമ്പോൾ ചെയ്ത് പോകുന്നതാണ്. ‘റോഷാക്ക്’ എനിക്ക് വളരെ വ്യത്യസ്തമായ അനുഭവമാണ്. കാരണം ഞാൻ ഇതുവരെ സിങ്ക് സൗണ്ട് ചെയ്തിട്ടില്ല. വളരെ കാലത്തിന് ശേഷമാണ് ഇതുപോലൊരു നല്ല കഥാപാത്രത്തെ കിട്ടുന്നത്. മമ്മൂട്ടി കമ്പനിയുടെ സിനിമയെന്നൊക്കെ പറയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
Post Your Comments