രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടി ആശാ പരേഖിന്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ആശാ ഭോസ്‍ലെ, ഹേമ മാലിനി, പൂനം ഡില്ലൺ, ടി എസ് നാഗഭരണ, ഉദിത് നാരായൺ എന്നിവരടങ്ങിയ ജൂറി പാനലാണ് ആശയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും.
അഭിനയരംഗത്തുനിന്ന് പിൻമാറി ടെലിവിഷൻ സീരിയൽ നിർമ്മാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെൻസർ ബോർഡ് അധ്യക്ഷയായ ആദ്യ വനിതയാണ്. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ആശാ പരേഖ്. ബാലതാരമായിട്ടാണ് ആശാ പരേഖ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. മാ എന്ന ചിത്രത്തിലെ ബാലാതാരമായി ആശാ പരേഖിനെ സംവിധായകൻ ബിമൽ റോയ് കാസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യ ചിത്രം. രാജ്യം പദ്‍മശ്രീ നൽകി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.
ഹം സായാ, ലവ് ഇൻ ടോക്കിയോ, കന്യാദാൻ, ഗുൻഘട്ട്, ജബ് പ്യാർ കിസീ സേ ഹോതാ ഹേ, ദോ ബദൻ, ചിരാഗ്, സിദ്ദി തുടങ്ങിയവാണ് പ്രധാന സിനിമകൾ. ഹിന്ദിയ്ക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.
Post Your Comments