മുംബൈ: മുംബൈ ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഗൗരി ഖാൻ. കേസുമായി ബന്ധപ്പെട്ട് ഖാൻ കുടുംബത്തിൽ നിന്നും ആരും തന്നെ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ കോഫി വിത്ത് കരൺ 7 എന്ന പരിപാടിയിൽ മകന്റെ അറസ്റ്റിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് ഗൗരി ഖാൻ. ബോളിവുഡ് താരങ്ങളുടെ ഭാര്യമാരായ ഭാവന പാണ്ഡെ, മഹീപ് കപൂർ എന്നിവർക്കൊപ്പമാണ് ഗൗരി ഖാൻ പരിപാടിയിൽ പങ്കെടുത്തത്.
ഗൗരി ഖാന്റെ വാക്കുകൾ ഇങ്ങനെ;
‘നമ്മൾ ഇപ്പോൾ അനുഭവിച്ചതിനേക്കാൾ മോശമായതൊന്നും ഇനി വരാൻ പോകുന്നില്ല. എന്നാൽ നാമെല്ലാവരും ഒരു കുടുംബമാകുമ്പോൾ, ഞങ്ങൾ ഒരു വലിയ സ്പെയ്സിലാണ് ഇപ്പോൾ ഉള്ളതെന്ന് എനിക്ക് പറയാൻ കഴിയും. ഞങ്ങൾ സ്നേഹിക്കപ്പെടുന്നു. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും, കൂടാതെ ഞങ്ങൾക്ക് അറിയുകകൂടി ചെയ്യാത്ത ഒരുപാട് ആളുകൾ സന്ദേശങ്ങൾ അയക്കുന്നു. അവരാൽ സ്നേഹിക്കപ്പെടുന്നു. അതൊരു വലിയ അനുഗ്രഹമായി കരുതുന്നു. ഞങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്.
കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. 26 ദിവസം ആര്യൻ ഖാൻ എൻസിബിയുടെ കസ്റ്റഡിയിലായിരുന്നു. ആര്യന്റെ പക്കൽ നിന്നും ലഹരി ഇടപാട് സംബന്ധിച്ച വാട്‌സാപ് ചാറ്റുകൾ കണ്ടെടുത്തതായും, കുറ്റസമ്മത മൊഴിയുണ്ടെന്നുമായിരുന്നു എൻസിബിയുടെ വാദം.
അതേസമയം, വാട്‌സാപ് ചാറ്റിൽ നിന്നും ഗൂഢാലോചന സംബന്ധിച്ച് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും, മൊഴി അന്വേഷണ ആവശ്യത്തിന് ഉപയോഗിക്കാമെന്നും, കുറ്റക്കാരനെന്ന് ആരോപിക്കാൻ അത് ആയുധമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് 26 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഒക്ടോബർ 30ന് ആര്യൻ ഖാൻ ജയിൽ മോചിതനായി.
Post Your Comments