ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഗുജറാത്തി സിനിമ ‘ചെല്ലോ ഷോ’ തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് പാൻ നളിൻ സംവിധാനം ചെയ്ത ‘ചെല്ലോ ഷോ’ തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 14ന് രാജ്യവ്യാപകമായി റിലീസിന് തയ്യാറെടുക്കുകയാണ് ‘ചെല്ലോ ഷോ’.
അവസാന സിനിമാ പ്രദർശനം എന്നാണ് ‘ചെല്ലോ ഷോ’ എന്ന വാക്കിന്റെ അർത്ഥം. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രദർശിപ്പിച്ച ട്രിബെക്ക ഫിലിം ഫെസ്റ്റിവൽ, സ്പെയിനിലെ വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ നിരവധി അവാർഡ് നേടിയിട്ടുണ്ട്. ഭവിൻ റബാരി, വികാസ് ബട്ട, റിച്ച മീന, ഭാവേഷ് ശ്രീമാലി, ദിപെൻ റാവൽ, രാഹുൽ കോലി എന്നിവരാണ് ‘ചെല്ലോ ഷോ’യിൽ പ്രധാന താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Also Read: ‘ദളപതി’യിലെ ആ രംഗം ‘പൊന്നിയിൻ സെൽവന്’ റഫറൻസ് ആയി: മണിരത്നം പറയുന്നു
ഫെഡറേഷൻ ജൂറിക്ക് സംവിധായകൻ പാൻ നളിൻ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ‘ചെല്ലോ ഷോയിൽ വിശ്വസിച്ചതിന് നന്ദി. ഇപ്പോളെനിക്ക് വീണ്ടും ശ്വസിക്കാം. വിജ്ഞാനം പകരുന്ന, പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സിനിമയിൽ വിശ്വസിക്കാം’, പാൻ നളിൻ ട്വീറ്റ് ചെയ്തു.
’ശ്യാം സിൻഹ റോയ്’, ‘കശ്മീർ ഫയൽസ്’, ‘ആർആർആർ’, ‘മലയൻകുഞ്ഞ്’ എന്നീ സിനിമകളെ പിന്തള്ളിയാണ് ‘ചെല്ലോ ഷോ’ ഓസ്കറിലേക്ക് എത്തുന്നത്.
Post Your Comments