ഈ വിജയം തന്റെ അടുത്ത സിനിമയുടെ ബജറ്റ് വര്‍ദ്ധിപ്പിക്കാനോ പ്രതിഫലം കൂട്ടാനോ തയ്യാറല്ലെന്ന് നടൻ ദുല്‍ഖര്‍ സല്മാന്. സിനിമയിലെ ജയപരാജയങ്ങളെ തീവ്രമായി താന്‍ സമീപിക്കാറില്ലെന്നും അതൊക്കെ ഒരു സ്വാഭാവിക പ്രക്രിയ പോലെയാണ് കാണുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ഛുപ്: റിവഞ്ച് ഓഫ് ആര്‍ട്ടിസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല. ഇനി എന്റെ സിനിമ വലിയ ബ്ലോക് ബസ്റ്ററായാല്‍ എന്റെ വിജയമാണെന്നോ ഞാനൊരു സൂപ്പര്‍ സ്റ്റാറാണെന്നോ വിചാരിക്കാറില്ല. ഈ വിജയം അടുത്ത സിനിമയുടെ ബജറ്റ് വര്‍ദ്ധിപ്പിക്കാനോ പ്രതിഫലം കൂട്ടാനോ ഉപയോഗിക്കാറുമില്ല’.
‘ഇതിന്റെ പേരില്‍ ചിത്രങ്ങളില്‍ സൂപ്പര്‍ ഹീറോ എന്‍ട്രി നല്കാന് സംവിധായകനെ സമീപിക്കില്ല. ഒരു സിനിമയുടെ വിജയത്തിന് കാരണം ഞാന്‍ അല്ല. അതിന്റെ കണ്ടന്റാണ്. പ്രേക്ഷകര്‍ സിനിമയെ സ്നേഹിക്കുകയും സ്വീകരിക്കുകയും നിരസിക്കുകയും ചെയ്യുന്നത് കഥയെ അടിസ്ഥാനപ്പെടുത്തിയാണ്’ ദുല്‍ഖര്‍ പറഞ്ഞു.
ആര് ബല്‍കി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സെപ്റ്റംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ഗൗരി ഷിന്‍ഡെ, ആര് ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ്.
പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തില്‍ ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.
Read Also:- പുഷ്പ 2വിൽ സാമന്ത ഇല്ല, പകരമെത്തുന്നത് ഈ നടി
എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം വിക്രം ദഹിയ.
Post Your Comments