സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിജുവിന്റെ പ്രകടനത്തിനും സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ, 2018ൽ കൊച്ചി രാജഗിരി ബിസിനസ് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ സിജു നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തന്റെ വ്യക്തി ജീവിതവും സിനിമയിലേക്കെത്തിയ കഥയുമാണ് സിജു പറയുന്നത്. സാധാരണ കുടുംബത്തിലാണ് ജനിച്ച് വളർന്ന താൻ ഏറെ പരിശ്രമിച്ചാണ് സിനിമയിൽ എത്തിയതെന്നാണ് സിജു പറയുന്നത്. കരിയറിൽ തനിക്ക് ഏറ്റവും കടപ്പാടുള്ളത് സംവിധായകൻ അൽഫോൺസിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടും പിന്തുണ നൽകുന്ന കുടുംബത്തോടുമാണെന്നും സിജു പറയുന്നു.
സിജു വിൽസണിന്റെ വാക്കുകൾ:
ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ച് വളർന്നത്. എന്റെ അച്ഛൻ സിഐടിയുവിൽ ചുമട്ടുതൊഴിലാളി ആയിരുന്നു. അമ്മ ഹൗസ് വൈഫ് ആയിരുന്നു. ഞങ്ങൾക്ക് വീടിന് മുൻപിൽ ചെറിയൊരു പച്ചക്കറി കടയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. എപ്പോഴാണ് എന്റെ ജീവിതത്തിലേയ്ക്ക് സിനിമ കടന്നുവന്നത് എന്ന് അറിയില്ല. ഒരുപക്ഷേ ചെറുപ്പത്തിലായിരിക്കും. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ടിവിയുടെ മുൻപിൽ ആയിരിക്കും. എന്റെ വീട്ടിൽ ടിവി ഉണ്ടായിരുന്നില്ല. അയൽ വീടുകളിലും ഒരു കിലോമീറ്ററിനടുത്തുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയിരുന്നാണ് ടിവി കണ്ടിരുന്നത്. ഫുൾ ടൈം ടിവിയ്ക്ക് മുന്നിൽ ഇരുന്നിട്ട് അയൽ വീട്ടിൽ നിന്നൊക്കെ ഇറക്കിവിട്ടിട്ടുണ്ട്. എന്നിട്ടും ഞാൻ പുറത്തിറങ്ങി ജനലരികിൽ നിന്ന് ടിവി കാണുമായിരുന്നു.
പ്ലസ് ടു കഴിഞ്ഞ ശേഷം ഒരു ആറ് മാസം ഞാൻ എന്തുചെയ്യണം എന്ന് ആലോചിക്കാൻ സമയമെടുത്തു. പക്ഷേ വെറുതെ ഇരുന്നില്ല. എന്റെ വീടിന്റെ അടുത്ത് ഒരു ഫാമിലി ഫ്രണ്ടിന്റെ വീട് പണിയുന്നുണ്ടായിരുന്നു. അവിടെ ഞാൻ സൂപ്പർ വൈസറായി പോയി. 1500 രൂപയായിരുന്നു ഒരു മാസത്തെ എന്റെ സാലറി. പിന്നീട്, നഴ്സിങ് പഠിക്കാൻ ബാംഗ്ലൂരിലേയ്ക്ക് പോയി. അങ്ങനെ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് ചെയ്യുമെന്ന് ഒരു ഐഡിയ ഇല്ലാതെ ഇരിക്കുന്ന സമയം വീണ്ടും വന്നു.
അങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് എന്റെ സുഹൃത്തായ അൽഫോൺസ് പുത്രനോട് പറയുന്നത്. അത് പറയാൻ തന്നെ എനിക്കൊരു മടിയുണ്ടായിരുന്നു. കാരണം എനിക്ക് തന്നെ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. അങ്ങനെ അവനാണ് എന്നെ മോട്ടിവേറ്റ് ചെയ്തത്. അങ്ങനെയാണ് മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനിലേയ്ക്ക് ഞാൻ ഫോട്ടോ അയക്കുന്നത്. അങ്ങനെ ആദ്യമായി എനിക്ക് ഒരു ഒഡീഷനിൽ അവസരം കിട്ടി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് വേഷമാണ് ഞാൻ ചെയ്തത്. അതിന് ശേഷമാണ് പ്രേമം വരുന്നത്. ഞങ്ങളുടെ ലൈഫിൽ ബ്രേക്ക് തന്ന സിനിമയായിരുന്നു പ്രേമം. കരിയറിൽ എനിക്ക് ഏറ്റവും കടപ്പാട് അൽഫോൺസിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടുമാണ്.
Post Your Comments