ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ഷീൻ ലൂക് ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്ര സൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു ഗൊദാർദ്. സമഗ്ര സംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
1950ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽ നിന്ന് നരവംശ ശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടിയ അദ്ദേഹം തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളും സ്‌ത്രീ ലൈംഗികതയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെത്ത്‌ലെസ് ആദ്യ ചിത്രവും എ വുമൺ ഈസ് എ വുമൺ ആദ്യ വർണ ചിത്രവുമാണ്.
Also Read: എ ആർ റഹ്മാൻ മ്യൂസിക്കിൽ വെന്ത് തനിന്തത് കാടിലെ ‘ഉന്നെ നെനച്ചതും’ ലിറിക്കൽ വീഡിയോ റിലീസായി
അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷ രാഷ്‌ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ എന്ന ചിത്രം ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു മാറി. ആർട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങൾ തിരസ്‌കരിച്ച ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് അദ്ദേഹം രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമ്മിച്ചു.
Post Your Comments