സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യ വീണ്ടും അമ്മയായി. ആൺ കുഞ്ഞിനാണ് ജന്മം നൽകിയത്. വീർ രജനികാന്ത് വണങ്കാമുടി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സൗന്ദര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. താനും ഭർത്താവ് വിശാഖനും മകൻ വേദും കുഞ്ഞു മകനെ സ്വീകരിക്കുന്നുവെന്ന് സൗന്ദര്യ കുറിച്ചു.
‘ദൈവത്തിന്റെ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി, വേദിന്റെ ചെറിയ സഹോദരൻ വീർ രജനികാന്ത് വണങ്കാമുടിയെ സ്വാഗതം ചെയ്യുന്നതിൽ വിശാഖനും വേദും ഞാനും അഭിമാനിക്കുന്നു’, മൂത്തമകൻ വേദിനും ഭർത്താവ് വിശാഖനുമൊപ്പമുള്ള ചിത്രത്തിനോടൊപ്പം സൗന്ദര്യ ഇങ്ങനെയാണ് കുറിച്ചത്. ഒപ്പം ഡോക്ടർമാരോടും താരപുത്രി നന്ദി അറിയിച്ചിട്ടുണ്ട്.
ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി 2’, അനിമേഷൻ ചിത്രമായ ‘കൊച്ചടയാൻ’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ. യുവനടനും വ്യവസായിയുമായ വിശാഖൻ വണങ്കാമുടിയാണ് സൗന്ദര്യയുടെ ഭർത്താവ്. 2019 ലായിരുന്നു ഇവരുടെ വിവാഹം. സൗന്ദര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് വേദ്. വ്യവസായിയായ അശ്വിൻ രാം കുമാർ ആണ് സൗന്ദര്യയുടെ ആദ്യ ഭർത്താവ്. 2010 ൽ വിവാഹിതരായ ഇവർ 2017 ൽ വേർപിരിഞ്ഞു.
Post Your Comments