മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന ഒരുക്കിയ ചിത്രമായിരുന്നു പുഴു. സിനിമയും സിനിമയിലെ മമ്മൂട്ടിയുടെ അഭിനയവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹർഷാദ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഇപ്പോളിതാ, മമ്മൂട്ടിയുടെ ജന്മദിനത്തിൽ സിനിമയിലെ ചില ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഹർഷാദ്. സിനിമയിലെ താരത്തിന്റെ അഭിനയത്തെ കുറിച്ചും തിരക്കഥയിൽ പറയുന്ന കാര്യങ്ങൾ പ്രകടിപ്പിക്കുന്ന രീതിയെ കുറിച്ചുമാണ് ഹർഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. താരത്തിന് ജന്മദിനാശംസകളും ഹർഷാദ് നേരുന്നുണ്ട്.
ഹർഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
‘പുഴു’വിൽ മമ്മൂക്കയുടെ കഥാപാത്രം ഇമോണോഷണലാവുന്ന രംഗങ്ങൾ ഷൂട്ടു ചെയ്യുമ്പോൾ ഒരേ സമയം ഈ ദുനിയാവിലെ എല്ലാ മമ്മൂക്കസ്‌നേഹികളും ഇമോഷണലാവണമെന്നും അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണീ ചെയ്‌തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്ക്. ഈ കാര്യം പലപ്രാവശ്യം മമ്മൂക്കയുമായി സിസ്‌കസ് ചെയ്തിരുന്നു. മമ്മൂക്ക ഇമോഷണലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാരംഗങ്ങൾ കണ്ട് വളർന്ന ഒരു ഫാൻബോയ് എന്ന നിലയിൽ ഞാൻ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്റെ റഫറൻസുകൾ പറയുമായിരുന്നു.
Also Read: ‘സ്വപ്നം കാണുക, വിശ്വസിക്കുക’: അഭിനയത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി സൂര്യ
പുഴുവിലെ അച്ഛൻ മകൻ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നതിനാൽ പ്രത്യേകിച്ചും. അങ്ങിനെയിരിക്കെ താൻ പടിയടച്ച് പിണ്ഡംവെച്ച് പുറത്താക്കിയ അനിയത്തി കൊണ്ടുവെച്ചിട്ടുപോയ പായസം കുടിക്കുന്ന സീൻ എടുക്കുന്നതിന്റെ തലേന്ന് ഞാൻ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറൻസുകൾ പറഞ്ഞപ്പോൾ ഇക്ക എന്നോട് പറഞ്ഞു. ” നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാൻ ഇട്ടു തരാം. കണ്ടുനോക്കൂ. ”
അന്നാ രംഗത്തിന്റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു ഞാൻ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു അപ്പോൾ എന്റെ കണ്ണിൽ പുറത്തെ വെളിച്ചത്തിന്റെ റിഫ്‌ലക്ഷൻ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററിൽ നോക്കിയേ. സ്‌ക്രിപ്റ്റിൽ പായസം കുടിക്കാനാവാതെ സ്പൂൺ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.
Post Your Comments