അൽഫോൻസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. നിവിൻ പോളിയെ നായകനാക്കി 2015ൽ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമ ഓണത്തിന് തിയേറ്ററിൽ എത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ, ചിത്രത്തിന്റെ റിലീസ് നീട്ടിയെന്ന വാർത്ത പിന്നീട് സംവിധായകൻ തന്നെ അറിയിക്കുകയായിരുന്നു.
Also Read: തിയേറ്ററിൽ പരാജയം: ‘ലാൽ സിംഗ് ഛദ്ദ’ ഒടിടിയിൽ നേരത്തെ എത്തും
ഇപ്പോളിതാ, ചിത്രത്തിന്റെ പുതിയ റിലീസ് തീയതിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചന നൽകുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. എല്ലാ വിധ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയായ ശേഷം മാത്രമേ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപനമുണ്ടാവുകയുള്ളു എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ‘ഗോൾഡ്’ എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ’, ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയുടെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ആമസോൺ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളിൽ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments