സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ടയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. സംവിധായകൻ തന്നെയാണ് ഈ വാർത്ത സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ട്വിറ്ററിൽ ജിഗർതണ്ട 2ന്റെ സ്ക്രിപ്റ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘വേറെ ചില ക്രൈമുകളും കലയും…’ എന്ന കുറിപ്പോടെയാണ് ട്വീറ്റ് പങ്കുവച്ചത്.
2014 ൽ പുറത്തിറങ്ങിയ ജിഗർതണ്ട എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം റിലീസ് ചെയ്തതിന്റെ എട്ടാം വാർഷികമായ ആഗസ്റ്റ് 1ന് ഒരു വീഡിയോയിലൂടെ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന സൂചന കാർത്തിക് സുബ്ബരാജ് പങ്കുവെച്ചിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Also Read: ‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’: ഇതാ ഒരു വ്യത്യസ്ത കാസ്റ്റിംഗ് കോൾ
ആക്ഷൻ കോമഡി വിഭാഗത്തിൽ പുറത്തിറങ്ങിയ ജിഗർതണ്ട വലിയ വിജയമായിരുന്നു. ഗവേമിക് യു ആരയ് ആയിരുന്നു സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത്. വിവേക് ഹർഷൻ ആയിരുന്നു എഡിറ്റിങ്ങ്. ബോബി സിംഹയ്ക്ക് മികച്ച സഹനടനും വിവേക് ഹർഷന്റെ എഡിറ്റിംഗിനുമായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം നേടിയിരുന്നു.
Post Your Comments