തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ. താരത്തിന്റേതായി റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ‘പുഷ്പ’ എന്ന സിനിമയിലൂടെ ആഗോള തലത്തിലും അല്ലു ശ്രദ്ധിക്കപ്പെട്ടു. ഇപ്പോളിതാ, അല്ലു അർജുനിന് ഹോളിവുഡിൽ നിന്നും ഓഫർ ലഭിച്ചുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഹോളിവുഡിലെ പ്രമുഖനായ ഒരു സംവിധായകൻ അല്ലുവിനെ സമീപിച്ചെന്നാണ് വിവരം. പ്രമുഖ സംവിധായകൻ നടനുമായി കൂടിക്കാഴ്ച നടത്തിയതായും സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയിലേക്ക് അല്ലുവിനെ ക്ഷണിച്ചതായുമാണ് സൂചന. നിലവിൽ അല്ലു അർജുൻ ന്യൂയോർക്കിലാണുള്ളത്.
ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഭാര്യ സ്നേഹയ്ക്കൊപ്പമാണ് അല്ലു ചടങ്ങിൽ പങ്കെടുത്തത്. അഞ്ച് ലക്ഷം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. പരേഡിന് ഇതുവരെ കാണാത്ത വിധം ധാരാളം പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേർന്നത്. 2022ൽ ഇതാദ്യമായാണ് അഞ്ച് ലക്ഷം പേർ ഒരു പരിപാടിക്കായി എത്തുന്നത്.
Also Read: ജോജു ജോര്‍ജിന്റെ ‘പീസ്’ റിലീസിന് ഒരുങ്ങുന്നു
അതേസമയം, ‘പുഷ്പ 2’ ആണ് അല്ലുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി 100 ദിവസമാണ് അല്ലു നീക്കിവെച്ചിരിക്കുന്നത്. ‘പുഷ്പ 2’ന്റെ പൂജ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. രക്ത ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രതിനായകനായ എസ് പി ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിൽ വീണ്ടുമെത്തും. രശ്മിക മന്ദാനയാണ് സിനിമയിൽ നായിക.
Post Your Comments