പ്രേക്ഷകരെ പഴയ പോലെ തിയേറ്ററുകളിലേക്ക് തുടർച്ചയായി ആകർഷിക്കാൻ പുതിയ സിനിമകൾക്ക് കഴിയാത്ത ഒരു സാഹചര്യത്തിൽ, കേരളത്തിലെ നമ്പർ വൺ മൂവി ചാനലായ ഏഷ്യാനെറ്റ് മൂവീസ്, മലയാളം ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ എന്നിവ സംയുക്തമായി ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തിയേറ്ററുകൾക്ക് മാത്രം നൽകാൻ കഴിയുന്ന ആ സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഈ ഓണക്കാലത്ത് ഏഷ്യാനെറ്റ് മൂവീസ് ‘ഒരു പടത്തിന് പോയാലോ’ എന്ന പുതിയ പരസ്യ ക്യാംപെയ്ൻ അവതരിപ്പിച്ചിരിക്കുകയാണ്. തിയേറ്ററിൽ മാത്രം ലഭിക്കുന്ന സിനിമയുടെ ആ ഇന്ദ്രജാലം മലയാളികളെ വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട് പുതിയ റിലീസുകൾ തീയേറ്ററിൽ തന്നെ കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പുതിയ പരസ്യം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് കേരളമെങ്ങും ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
Also Read: ‘പ്രണയിതാവിനെ ചുംബിക്കുന്നത് പോലെയല്ല ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത്’: സ്വാസിക
പുതിയ പരസ്യ ക്യാപെയിനിനെ കുറിച്ച് സംസാരിച്ച ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിഷൻ കുമാറിന്റെ വാക്കുകൾ ഇങ്ങനെയാണ്, ‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ് മലയാള സിനിമയിൽ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. മലയാള സിനിമ നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സംവിധായകർ, നടീനടന്മാർ, സാങ്കേതിക പ്രവർത്തകർ എന്നിങ്ങനെ സിനിമ വ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഞങ്ങൾ ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്’.
തിയേറ്ററുകളിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പുതുചിത്രങ്ങളുടെ വ്യാജപതിപ്പുകൾക്കെതിരെ ശബ്ദമുയർത്തിയും ആദ്യമായാണ് ഒരു ടെലിവിഷൻ ചാനൽ ഇങ്ങനെയൊരു പരസ്യ പ്രചരണവുമായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിആർഒ – പ്രതീഷ് ശേഖർ.
Post Your Comments