1998ൽ മലയാളികൾ ഏറെ ആഘോഷിച്ച സിനിമയായിരുന്നു ഹരികൃഷ്ണൻസ്. അക്കാലത്തെ സ്റ്റാർ ഡയറക്ടർ ആയിരുന്ന ഫാസിലാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ചിത്രത്തിനുള്ളിൽ ഒരുമിപ്പിച്ചത്. ഹിന്ദി സിനിമ നായികയായ ജൂഹി ചൗള നായികയായി എത്തിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ ,നെടുമുടി വേണു ,ജഗദീഷ് ,ശ്രീരാമൻ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരന്നിരുന്നു.
ഹരികൃഷ്ണൻ അസോസിയത്തിലെ ഹരിയും കൃഷ്ണനും ഒരു കൊലപാതക കേസുമായി പൊന്നൂരെന്ന ഗ്രാമത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ചിത്രത്തിൽ ഗുപ്തൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സമാനമായി ഹരിയും കൃഷ്ണനും മീര എന്ന് പറയുന്ന പെൺകുട്ടിയെ പ്രണയിക്കുകയും ചെയ്യുന്നു. ചിത്രാന്ത്യത്തിൽ കൊലയാളികളെ കണ്ടെത്തുന്നതിനൊപ്പം തന്നെ തങ്ങളിൽ ആരെങ്കിലും മീരയുടെ പങ്കാളിയായി മാറണമെന്ന് കൂടി തീരുമാനിക്കുന്നു.
ത്രികോണ പ്രണയത്തിന്റെ യുക്തിയെ ലളിതമായി പരിഹരിക്കാനുള്ള ഒരു വഴിയും അവർ ചിത്രാന്ത്യത്തിൽ പറഞ്ഞുവയ്ക്കുന്നു. മീരയ്ക്ക് തന്റെ സുഹൃത്തിനെ നറുക്കിലൂടെ തിരഞ്ഞെടുക്കാം. ആ സുഹൃത്ത് മീരയുടെ പങ്കാളിയെ തീരുമാനിക്കും. സ്വാഭാവികമായും മീര രണ്ടിലൊരാളെ തെരഞ്ഞെടുക്കുന്ന ശുഭാന്ത്യത്തിലാണ് സിനിമ അവസാനിക്കുന്നത്. ക്ലൈമാക്സിൻ്റെ പേരിൽ ഇത്രയധികം ഫാൻ ഫൈറ്റും വിവാദങ്ങളും ഉണ്ടായ മറ്റൊരു സിനിമയുമില്ല.
ചിത്രമിറങ്ങിയപ്പോൾ ഫാൻസ് അസോസിയേഷനുകൾ വ്യാപകമായി ആഘോഷിച്ചു. കേരളത്തിൽ ചിത്രം വലിയ തരംഗമായി മാറി. കുട്ടികളും മുതിർന്നവരും തിയേറ്ററിൽ തന്നെ ചിത്രം കണ്ട് ഈ ആഘോഷത്തിൽ പങ്കാളികളായി. തുടർന്നാണ് വൻ വിവാദങ്ങൾ ചിത്രത്തിൽ ഉടലെടുക്കുന്നത്. അത് താരങ്ങളെ കേന്ദ്രീകരിച്ചുള്ള ഫാൻസുകാരുടെ ആഘോഷം മാത്രമായിരുന്നില്ല, താരങ്ങളുടെ ജാതിമത സ്വത്വങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ് വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
മമ്മൂട്ടിക്ക് സ്വാധീനം കൂടുതലുള്ള വടക്കൻ ബെൽറ്റിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ ത്രികോണ പ്രണയത്തിലെ വിജയിയായി മാറുന്നത് മമ്മൂട്ടിയുടെ കഥാപാത്രമാണ്. തിരിച്ച് മോഹൻലാലിന് സ്വാധീനമുള്ള തെക്കൻ തിരുവിതാംകൂറിൽ ത്രികോണ പ്രണയകഥയിൽ വിജയം നേടുന്നത് മോഹൻലാലിൻ്റെ കഥാപാത്രവും ആയിരുന്നു .ഒരു ചിത്രത്തിന് 2 ക്ലൈമാക്സ്.
ഒരു ചിത്രത്തിന് രണ്ട് ക്ലൈമാക്സ് എങ്ങനെ വരും എന്നുള്ള അന്വേഷണവും ഏറെ പ്രസക്തമായിരുന്നു. അതിനെ സംബന്ധിച്ച് ഫാസിൽ പറഞ്ഞത് ഇപ്രകാരമാണ് ’32 പ്രിൻ്റ് ആണ് ചിത്രത്തിനുവേണ്ടി എടുത്തിരുന്നത്. അതിൽ 16 പ്രിന്റിൽ മോഹൻലാലിനെ കഥാപാത്രo വിജയിക്കുന്നതായിട്ടുള്ളതും അടുത്ത പതിനാറ് പ്രിൻ്റിൽ മമ്മൂട്ടിയുടെ കഥാപാത്രം വിജയിക്കുന്നതും ആയിട്ടാണ് സംവിധായകൻ എന്ന നിലയിൽ താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിതരണക്കാരാണ് കാര്യങ്ങൾ കൊഴപ്പിച്ചത്’. ഇങ്ങനെ പറഞ്ഞുകൊണ്ട് ഈ വിവാദത്തിൽ നിന്ന് തടിയൂരാൻ ഫാസിൽ ശ്രമിച്ചത്. സൂപ്പർ താരങ്ങളെയും അവരുടെ ആരാധകരെയും തൃപ്തിപ്പെടുത്താനാണ് ഹരികൃഷ്ണൻസ് എന്ന ചിത്രം ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ലാലും മമ്മൂട്ടിയും ഫാസിലിനെ ചെന്നു കണ്ടത് ഹരികൃഷ്ണൻസിൻ്റെ രണ്ടാം ഭാഗത്തിൻ്റെ സൂചനകൾ നൽകുന്നു.24 വർഷത്തിന് ശേഷം ഹരികൃഷ്ണൻസ് അസോസിയേറ്റ്സ് എത്തുമ്പോൾ എന്തായിരിക്കും പറയാനുണ്ടാവുക? സിനിമ ഫിലിമിൽ നിന്നും ഡിജിറ്റലിലേക്ക് മാറിക്കഴിഞ്ഞ കാലഘട്ടമാണിത്. മറ്റൊന്ന് പ്രമേയ ആഖ്യാനങ്ങളിൽ മലയാള സിനിമ പുലർത്തുന്ന വൈവിധ്യങ്ങളാണ്. ഇതിനിടയിൽ രണ്ടു സൂപ്പർ താരങ്ങളുടെ പഴയ കഥാപാത്രങ്ങളെ എടുത്തിട്ട് എന്ത് ചെയ്യുവാനാണ് എന്നുള്ള ചോദ്യവും അവശേഷിക്കുന്നു. സ്ഥലവും കാലവും പ്രായവും പ്രമേയവുമെല്ലാം മാറിക്കഴിഞ്ഞ ഈ ഒരു കാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ട രണ്ടും മൂന്നും ഭാഗങ്ങളായി വന്ന സിനിമകളൊക്കെയും സിനിമക്കാർക്ക് തന്നെ ബാധ്യതകൾ ആയിരുന്നു എന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല.
Post Your Comments