Uncategorized

ദുൽഖർ സൽമാൻ ഫാമിലി (DQF); കലാകാരന്മാർക്കായി വേഫെറർ ഫിലിംസിന്റെ കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്..!

ചെറുതും വലുതുമായ മനോഹരമായ ചലച്ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുക്കൊണ്ടിരിക്കുന്ന ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് രൂപീകരിച്ചു. ദുൽഖർ സൽമാൻ ഫാമിലി അഥവാ DQF എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്നലെ കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിൽ ഔദ്യോഗികമായി കമ്മ്യൂണിറ്റി രൂപം കൊള്ളുകയും സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, ഹാരിസ് ദേശം, ഹൈദരാലി, കൈലാസ് മേനോൻ, നിനിഷ്, സുലൈമാൻ കക്കാടൻ, നിവി, ലിയോ, ബംഗ്ലാൻ, റോണി, അനൂപ്, ആർ കെ രാഗേഷ്, ദേവിക, എ എം സിദ്ധിഖ്, ബോബി, വിനി, കിച്ചു ടെല്ലസ്, ജോമോൻ, അജിത്, സുനീഷ് തുടങ്ങിയ ഇരുപത്തഞ്ച് പേർക്ക് കമ്മ്യൂണിറ്റിയിൽ ആദ്യമായി അംഗത്വം നൽകുകയും ചെയ്തു. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്.

തങ്ങളുടെ കഴിവ് പുറത്തെടുക്കുവാൻ സാദ്ധ്യമായ ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക് ഒരു അവസരം നൽകുകയെന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്.

Read Also:- സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നിൽക്കുമ്പോൾ, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും: രാമസിംഹൻ

ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റർനെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെർഫോമൻസ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ. കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്.

shortlink

Post Your Comments


Back to top button