ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജാസ്മീത് കെ റീൻ ഒരുക്കിയ ചിത്രമാണ് ‘ഡാർലിംഗ്സ്’. നെറ്റ്ഫ്ലിക്സിൽ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ഇപ്പോളിതാ, സിനിമയിൽ തനിക്ക് ലഭിച്ച അപ്രതീക്ഷിത രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഷെഫാലി ഷാ. ചിത്രത്തിൽ റോഷൻ മാത്യു അവതരിപ്പിച്ച സുൽഫിയെ ചുംബിക്കുന്ന രംഗം വളരെ അവിചാരിതമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറയുന്നത്.
ഷെഫാലി ഷായുടെ വാക്കുകൾ:
സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ അതിലെ രണ്ട് സീനുകളാണ് ആശ്ചര്യപ്പെടുത്തിയത്. ഒന്ന് ഷംഷു സുൽഫിയെ ചുംബിക്കുന്നത്. മറ്റൊന്ന് ഷംഷുവിന്റെ പഴയ കാലം പറയുന്നത്. മധുരവും അതിലോലവുമായ നിമിഷമായിരുന്നു അത്. ചിത്രത്തിലെ സാഹചര്യം അതായിരുന്നുവെങ്കിലും കഥാപാത്രം ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
സ്വാഭാവികതയ്ക്ക് വേണ്ടി ആ രംഗത്തിന് കുറച്ച് ടേക്കുകൾ ആവശ്യമായി വന്നു. അതിൽ ചിലത് രസകരമായിരുന്നു. ഞങ്ങൾ ചെയ്ത ഒരു ഷോട്ടിൽ, സുൽഫിയെ ചുംബിക്കാൻ ഓടിയെത്തിയപ്പോളേക്കും എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് എന്റെ മുഖത്ത് തട്ടുകയും ഞങ്ങൾ ഇരുവരും ബാഗിൽ ചുംബിക്കുകയും ചെയ്തു. എന്നിരുന്നാലും അവസാനം, ആ രംഗം സിനിമയിൽ ഇത്ര രസമായി അവതരിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.
Post Your Comments