കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിൽ മലയാള നടൻ നന്ദു പൊതുവാളും അഭിനയിക്കുമെന്ന് റിപ്പോർട്ട്. അന്തരിച്ച നടൻ നെടുമുടി വേണുവിന് പകരമായി അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള നന്ദു പൊതുവാളിനെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തത്.
1996ൽ പുറത്തെത്തിയ ഇന്ത്യനിൽ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യൻ 2 എന്ന ചിത്രത്തിലും അദ്ദേഹം കൃഷ്ണസ്വാമിയായി എത്തുന്നുണ്ടായിരുന്നു. മരണത്തിനു മുൻപ് അദ്ദേഹം ചില രംഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുൻപായിരുന്നു അപ്രതീക്ഷിത വിയോഗം.
സുകന്യ, കാജൽ അഗർവാൾ, സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ഗുരു സോമസുന്ദരം, ബോബി സിൻഹ, ഡൽഹി ഗണേഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സെപ്റ്റംബർ 13 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
Post Your Comments