മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് മമ്മൂട്ടിയും മകൻ ദുൽഖറും. ഇരുവരുടേയും വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, ദുൽഖർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ദുല്‍ഖര്‍ നായകനായെത്തുന്ന സീതാരാമം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്നത്.
വാപ്പച്ചിയുമൊത്തുള്ള കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ദുൽഖർ പങ്കുവയ്ക്കുന്നത്. മമ്മൂട്ടി ചെറുപ്പത്തിൽ തനിക്ക് റിമോട്ട് കാറുകളൊക്കെ വാങ്ങിത്തരുമായിരുന്നെന്നും എന്നാല്‍ അത് അദ്ദേഹത്തിന് കളിക്കാന്‍ വേണ്ടിയായിരുന്നെന്നും രസകരമായി പറയുകയാണ് ദുല്‍ഖര്‍. ചെറുപ്പത്തില്‍ മമ്മൂട്ടി വാങ്ങിത്തന്ന കളിപ്പാട്ടങ്ങള്‍ ഓര്‍മ്മയുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുൽഖർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ദുൽഖർ സൽമാന്റെ വാക്കുകൾ:
കുട്ടികാലത്ത് വാപ്പച്ചി എനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി തരുമായിരുന്നു. പക്ഷെ അതെനിക്ക് വേണ്ടിയായിരുന്നില്ല, അദ്ദേഹത്തിന് കളിക്കാനായിരുന്നു. ട്രാക്കിലൂടെ ഓടിക്കാന്‍ പറ്റുന്ന റിമോട്ട് കാര്‍ ഒക്കെ വാങ്ങിച്ച് കൊണ്ടുവരും. എന്നിട്ട് വാപ്പച്ചി തന്നെ അതൊക്കെ സെറ്റ് ചെയ്ത് ഓടിച്ച് കളിക്കും. വാപ്പച്ചി കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും കുട്ടിയാവാനുള്ള ലൈസന്‍സാണ് കിട്ടുന്നത്.
ഇപ്പോൾ എന്റെ മകള്‍ മറിയത്തിന് വേണ്ടി എന്തെങ്കിലും കളിപ്പാട്ടം വാങ്ങാന്‍ പോകുമ്പോൾ ഞാനും ഇങ്ങനെ ചെയ്യാറുണ്ട്. അവളോട് കാര്‍ സെലക്ട് ചെയ്യാന്‍ പറയും. കാരണം എനിക്ക് കാര്‍ ഇഷ്ടമാണ്. വാങ്ങിയാല്‍ എനിക്കും ഓടിച്ച് കളിക്കാമല്ലോ. എല്ലാ രക്ഷിതാക്കളും ഇങ്ങനെ തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത്.
Post Your Comments