തന്നെ ബോളിവുഡ് മാഫിയ ലക്ഷ്യം വയ്ക്കുന്നതായും പീഡിപ്പിക്കപ്പെടുന്നു എന്നും ആരോപിച്ച് ബോളിവുഡ് നടി തനുശ്രീ ദത്ത രംഗത്ത്. സിനിമയിൽ തിരികെ വരാൻ ശ്രമിക്കുന്ന തനിക്കെതിരെ ശക്തമായ ഭീഷണിയും വധശ്രമവും ഉണ്ടാകുന്നു എന്നാണ് തനുശ്രീ പറയുന്നത്. താൻ തുറന്നുകാട്ടിയ മീടൂ കുറ്റവാളികളും എൻജിഒയുമാണ് ഇതിന് പിന്നിൽ എന്നാണ് നടിയുടെ ആരോപണം. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളും തനിക്കെതിരെ നിൽക്കുന്നുണ്ടെന്നും തനുശ്രീ കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
തനുശ്രീ ദത്തയുടെ വാക്കുകൾ:
ഞാൻ വളരെ മോശമായി ഉപദ്രവിക്കപ്പെടുന്നു. ദയവ് ചെയ്ത് എന്തെങ്കിലും ചെയ്യൂ. എന്റെ ബോളിവുഡ് അവസരങ്ങൾ അട്ടിമറിക്കപ്പെട്ടു, പിന്നീട് ഒരു വേലക്കാരിയെ ഉപയോഗിച്ച് എന്റെ കുടിവെള്ളത്തിൽ വിഷം ചേർത്ത് എനിക്ക് കഠിനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി, തുടർന്ന് മെയ് മാസത്തിൽ ഉജ്ജയിനിലേക്ക് രക്ഷപ്പെട്ടപ്പോൾ എന്റെ വാഹനത്തിന്റെ ബ്രേക്ക് രണ്ടുതവണ തകരാറിലായി അപകടമുണ്ടായി, ഞാൻ കഷ്ടിച്ച് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.
ബോളിവുഡ് മാഫിയയും മുംബൈയിലെ പഴയ ചില രാഷ്ട്രീയ സംഘങ്ങളും ദേശവിരുദ്ധ ശക്തികളുമാണ് ഇതുപോലെ ഒരാളെ ദ്രോഹിക്കുക. മീ ടൂവിലൂടെ ഞാൻ മുഖംമൂടിയഴിച്ചവരാണ് അതിന് പിറകിലെന്ന് കരുതുന്നു. എന്നാൽ, ഞാൻ ആത്മഹത്യ ചെയ്യുകയില്ല. ഞാൻ എങ്ങോട്ടും പോകുകയുമില്ല. ഞാൻ എന്റെ കരിയർ വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
Post Your Comments