നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്‌ണ സംവിധാനം ചെയ്ത ചിത്രമാണ് പടവെട്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ലിജു കൃഷ്‌ണയ്ക്കെതിരെ പീഡന പരാതി ഉയരുകയും. ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പടവെട്ട് സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സംവിധായകനെതിരെ ക്രിമിനൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, യുവതിയുടെ ഹർജി ഹൈക്കോടതി തള്ളി.
Also Read: വിജയ് ചിത്രം ‘ദളപതി 67’ൽ സാമന്ത എത്തുന്നത് നെഗറ്റീവ് റോളിൽ
പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ആ നിലയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരും സെൻസർ ബോർഡും നിലപാടെടുത്തിരുന്നു. ഇതു കണക്കിലെടുത്താണ് ജസ്റ്റിസ് വി ജി അരുൺ ഹർജി തള്ളിയത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് സംവിധായകനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. 2020 മുതൽ ലിജു തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, നിവിൻ പോളിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്. അതിഥി ബാലൻ, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments