CinemaGeneralIndian CinemaLatest NewsMollywood

തിരസ്‌കരിക്കപ്പെട്ട സിനിമകളുടെ ഗണത്തില്‍പ്പെട്ടു പോകേണ്ട ഒന്നാവരുത് സൗദി വെള്ളക്ക: തരുണ്‍ മൂര്‍ത്തി

സൗദി വെള്ളക്ക എന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മെയ് ഇരുപതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരുന്നു. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടുമില്ല. ലാഭം മാത്രം നോക്കിയുള്ള സിനിമകള്‍ ഉണ്ടായപ്പോള്‍ സിനിമ പ്രേക്ഷകരില്‍ നിന്നും അകന്നുവെന്നും അങ്ങനെ തിരസ്‌കരിക്കപ്പെട്ട സിനിമകളുടെ ഗണത്തില്‍പ്പെട്ടു പോകേണ്ട ഒന്നാവരുത് സൗദി വെള്ളക്കയെന്നും തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കിൽ എഴുതി. പ്രേഷകന്റെ കണ്ണും, കാതും, മനസ്സും നിറയുന്ന മികച്ച അനുഭവമായിരിക്കും സൗദി വെള്ളക്കയെന്നും സംവിധായകന്‍ ഉറപ്പ് നല്‍കുന്നു.

Also Read: കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

സൗദി വെള്ളക്കയുടെ റിലീസ് മെയ് ഇരുപതിൽ നിന്നും മാറ്റിയ അന്ന് മുതൽ പുതിയ റിലീസ് തീയതി സംബന്ധിച്ച ഒരുപാട് ചോദ്യങ്ങൾ കേൾക്കുന്നുണ്ട്….
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട്…
സൗദി വെള്ളക്ക എന്ന സിനിമ നിറഞ്ഞ സദസിൽ എല്ലാവരും ഒന്നിച്ചിരുന്ന് കാണണമെന്നാണ് ഞാനും ഇതിന്റെ നിർമ്മാതാക്കളും ആഗ്രഹിച്ചത്, ഞങ്ങളുടെ ആ ആഗ്രഹം പൂർത്തിയാകണമെങ്കിൽ സിനിമ ഇനിയും കൂടുതൽ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു…
ഓപ്പറേഷൻ ജാവ വലിയ വിജയം അല്ലേ.. അതിന്റെ സംവിധായകന്റെ സിനിമ കാണാൻ ജനം വരില്ലേ എന്ന ചോദ്യം ഒരു പാട് സ്ഥലങ്ങളിൽ നിന്നും ഇതിനോടകം കേട്ട് കഴിഞ്ഞതാണ്, പക്ഷേ ആ ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല എന്നാണ് എന്റെ വിശ്വാസം.
കാരണം..
ഇന്നത്തേക്കാലത്ത് ഓരോ സിനിമയും പ്രേഷകന് പുതിയതാണ്, അതങ്ങനെ തന്നെയാവുകയും വേണം. ഓപ്പറേഷൻ ജാവയുടേയോ, തൊണ്ടിമുതലിന്റേയോ അംശങ്ങളില്ലാത്ത തീർത്തും പുതുമയാർന്ന സൃഷ്ടിയാണ് സൗദി വെള്ളക്കയും.
തിയേറ്ററുകളിൽ ആളുകൾ കുറയുന്നതിനെപ്പറ്റി ഒരു കുറിപ്പ് ഇട്ടതിന്റെ പേരിൽ വലിയ ചർച്ചകൾ ഉണ്ടായപ്പോൾ….
അതിന് കീഴിൽ വന്ന കമന്റുകൾ ഒരു സംവിധായകനെന്ന നിലയിൽ വിഷമിച്ച് മാറിയിരിക്കാനുള്ള ഒന്നായല്ല എനിക്ക് തോന്നിയത്, മറിച്ച് ഒരു വലിയ ചിന്തയാണ് എന്നിൽ ഉണ്ടാക്കിയത്…
സിനിമയിൽ നിന്നും പ്രേക്ഷകരല്ല അകന്നത്, ലാഭം മാത്രം നോക്കിയുള്ള സിനിമകൾ ഉണ്ടായപ്പോൾ സിനിമയാണ് പ്രേഷകരിൽ നിന്നും അകന്നു പോയത് എന്ന വലിയ ചിന്ത.
അങ്ങനെ തിരസ്കരിക്കപ്പെട്ട സിനിമകളുടെ ഗണത്തിൽപ്പെട്ടു പോകേണ്ട ഒന്നാവരുത് സൗദി വെള്ളക്ക എന്ന് ഞങ്ങൾ ആഗ്രഹമുണ്ട്. കാരണം ഞങ്ങൾക്ക് ആരേയും പറ്റിക്കണ്ട…
പ്രേക്ഷകനെ പറ്റിച്ചു തീയേറ്ററിൽ കയറ്റുന്ന ഒരു ചിത്രമാവില്ല സൗദി വെളളക്ക എന്ന് നിങ്ങളേ വിശ്വസിപ്പിക്കാൻ എത്രത്തോളം സമയം എടുക്കുന്നുവോ അത്രത്തോളം സമയമെടുത്ത് മാർക്കറ്റ് ചെയ്ത് സിനിമ നിങ്ങളിലേക്ക് എത്തിക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
തീയേറ്ററിൽ ജനം നിറയണമെങ്കിൽ സിനിമയിൽ കഥ നിറയണം. കാഴ്ചകൾ നിറയണം. അനുഭവങ്ങൾ നിറയണം. ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടി എടുത്തതാണ് ഈ സിനിമ, അതു കാണാൻ എല്ലാ മനുഷ്യരും തീയേറ്ററിലുണ്ടാകും എന്ന് ഉറപ്പോടെ..
ആത്മവിശ്വാസത്തോടെയാണ് ഇന്നേവരെയുള്ള യാത്ര, ഇനിയങ്ങോട്ടും അതിനു മാറ്റമുണ്ടാകില്ല.
ഇത്രയുമൊക്കെ പറയാൻ
കാരണങ്ങൾ ഉണ്ട്….
അത്രമേൽ സ്നേഹിച്ച്, സമർപ്പിച്ച് പഠിച്ച്, പണിയെടുത്ത് ഞങ്ങൾ നെയ്തു കൂട്ടിയതാണ് സൗദി വെള്ളക്ക…
സിനിമ കാണുന്ന പ്രേഷകന്റെ
കണ്ണും,കാതും,അതിലുപരി
മനസും നിറയുന്ന തീയറ്റർ കാഴ്ചയൊരുക്കിയാണ് ഞങ്ങൾ വിളിക്കുന്നത് വരണം, കാണണം ഇത് നമ്മുടെ സിനിമയാണ്.
എന്ന് സ്വന്തം
തരുൺ മൂർത്തി
സംവിധായകൻ
സൗദി വെള്ളക്ക
&
സന്ദീപ് സേനൻ
നിർമ്മാതാവ്
ഉർവശി തീയറ്റേർസ്

shortlink

Related Articles

Post Your Comments


Back to top button