വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടവുമായി കടുവ. നാല് ദിവസം കൊണ്ട് 25 കോടിക്ക് മുകളിൽ വരുമാനമാണ് ചിത്രം നേടിയത്. ആഗോള കളക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കളക്ഷനും പരിഗണിച്ചാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിർമ്മാതാക്കളാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന്റെ മലയാളം പതിപ്പ് മാത്രം പതിനേഴ് കോടിയാണ് നേടിയത്. മലയാളം പതിപ്പിന്റെ ഓപ്പണിങ് കളക്ഷൻ മാത്രം നാല് കോടിയായിരുന്നു. പൃഥ്വിരാജ് ചിത്രം ജനഗണമന എട്ട് ദിവസം കൊണ്ട് ഉണ്ടാക്കിയ നേട്ടമാണ് കടുവ നാല് ദിവസം കൊണ്ട് സ്വന്തമാക്കിയത്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ശ്രദ്ധിച്ച ചിത്രമായിരുന്നു. എട്ട് വർഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമ്മാണം.
Also read: ജോണ്‍ എബ്രഹാമിന്റെ ‘ടെഹ്‌റാൻ’: ചിത്രീകരണം ആരംഭിച്ചു
വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് അഭിനയിക്കുന്ന മലയാള ചിത്രമാണിത്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തിയത്. ജൂലൈ 7നാണ് കടുവ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
Post Your Comments