ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്വൻ’. ചിത്രത്തിൽ ജയം രവിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. ‘രാജരാജ ചോളന്(അരുൾമൊഴി വർമ്മൻ)’ ഒന്നാമനായാണ് ജയം രവി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കാനിരിക്കെയാണ് ചിത്രത്തിലെ നായകന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിൽ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമ്മനെ കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്.
500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രോഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
Read Also:- മിന്നല്‍ മുരളിക്കുശേഷം പുതിയ ചിത്രവുമായി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്: സൂചന നൽകി സോഫിയ പോള്‍
ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴർ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments