പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ സിനിമയുടെ റീലിസ് പ്രതിന്ധിയില്‍. സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമർപ്പിച്ച അപ്പീലിൽ കോടതി ഇടപെട്ടില്ല. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി ചോദിച്ചു. പരാതിക്കാരന്റെ പ്രശ്നം കേട്ട് ബോർഡ് അധികാരം വിനിയോഗിക്കുന്നതിൽ തെറ്റ് കണ്ടെത്താനാകില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൂടുതൽ വാദത്തിനായി ഹർജി പിന്നീട് പരിഗണിക്കും. ജോസ് കുരുവിനാക്കുന്നേലിൻ്റെ പരാതി തിങ്കളാഴ്ച കേൾക്കാനാണ് സെൻസർ ബോർഡിന് സിംഗിൾ ബെഞ്ചിൻ്റെ നിർദേശം. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ജോസ് കുരുവിനാക്കുന്നേലിന്റെ പരാതി. അദ്ദേഹത്തിന്റെ പരാതി പരിശോധിച്ച ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ പാടുള്ളു എന്നാണ് സെൻസർ ബോർഡിന് സിംഗിൾ ബെഞ്ച് നൽകിയ നിർദേശം.
Also Read: ‘കുറച്ചു പഠിത്തം… കൂടുതൽ ഉഴപ്പ്…’: പ്രതിഭ ട്യൂട്ടോറിയൽസ് മോഷൻ പോസ്റ്റർ എത്തി
സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ജൂണ്‍ മുപ്പതിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ജൂലൈ ഏഴിലേക്ക് മാറ്റിയിരുന്നു. ചില അപ്രതീക്ഷിത സാഹചര്യങ്ങളാൽ റിലീസ് നീട്ടുകയാണെന്ന് പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
Post Your Comments