ബാറ്റ്മാൻ എന്ന കഥാപാത്രത്തിലൂടെ ആരാധക ഹൃദയം കവർന്ന ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യൻ ബെയ്‌ൽ. ജനപ്രിയ കോമിക് ബുക്ക് കഥാപാത്രമായ ബാറ്റ്‌മാൻ വെള്ളിത്തിരയിലെത്തിയപ്പോൾ ആരാധകർ ഇരുകൈകളും നീട്ടിയാണ് കഥാപാത്രത്തെ സ്വീകരിച്ചത്. ബാറ്റ്‌മാനെ ഏറ്റവും മികച്ചരീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ച ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടു. മൂന്നുവട്ടം ബാറ്റ്മാനായി അദ്ദേഹം ആരാധകമനം കീഴടക്കി. ഇപ്പോളിതാ, താൻ വീണ്ടും ബാറ്റ്മാനാവാൻ തയ്യാറാണെന്നാണ് ഓസ്കർ ജേതാവായ താരം പറയുന്നത്. എന്നാൽ, അതോടൊപ്പം തന്നെ മറ്റൊരു കാര്യവും താരം കൂട്ടിച്ചേർത്തു. താൻ വീണ്ടും ബാറ്റ്മാനാകണമെങ്കിൽ ക്രിസ്റ്റഫർ നോളൻ തന്നെ സംവിധായകനാവണം എന്നാണ് താരം പറയുന്നത്.
2005ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സിനിമാത്രയത്തിന് തുടക്കമായത്. മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്. 37.3 കോടി ഡോളറാണ് ചിത്രം വരുമാനമായി വാരിക്കൂട്ടിയത്. 2008ലാണ് രണ്ടാംഭാഗമായ ദി ഡാർക്ക് നൈറ്റ് പുറത്തിറങ്ങിയത്. പിന്നീട്, 2012ൽ മൂന്നാംഭാഗമായ ദി ഡാർക്ക് നൈറ്റ് റൈസസും റിലീസ് ചെയ്തു. 100 കോടി ഡോളറിലധികമാണ് ഇരുചിത്രങ്ങളും ബോക്സ് ഓഫീസിൽ നേടിയത്.
Also Read: അന്ന് തിയേറ്ററിൽ കപ്പലണ്ടി വിറ്റു, ഇന്ന് സിനിമ നിർമ്മാതാവ്: ഇത് രാജു ഗോപിയുടെ കഥ
അതേസമയം, സൂപ്പർ ഹീറോ ബാറ്റ്മാനെ അവതരിപ്പിക്കാൻ മറ്റൊരു ചലച്ചിത്രകാരനും തന്നെ സമീപിച്ചിട്ടില്ലെന്നും ബെയ്ൽ വ്യക്തമാക്കി. തോർ: ലവ് ആൻഡ് തണ്ടർ ആണ് ബെയ്‌ലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന് ശേഷം തോറിന്റെയും അസ്‌ഗാർഡ് നിവാസികളുടെയും മറ്റൊരു പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജൂലായ് എട്ടിന് ചിത്രം പുറത്തിറങ്ങും.
Post Your Comments