പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ അണിയറയിൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ധനസമാഹരണാർത്ഥം നിർമ്മിക്കുന്ന സിനിമയാണിത്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്.
ജീത്തുവിൻറേത് തന്നെയാണ് ചിത്രത്തിൻറെ രചനയും. ചിത്രത്തിൻറെ മറ്റു താരനിരയോ സാങ്കേതികപ്രവർത്തകരോ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. 2013ലാണ് ജീത്തു ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിച്ചത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങിയ മെമ്മറീസ് എന്ന ചിത്രം വൻ വിജയമായി മാറിയിരുന്നു. പിന്നീട് 2016ൽ ഊഴം എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി. എന്നാൽ, പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.
Also Read: ആരും എന്നെ ചുമക്കേണ്ട ആവശ്യവുമില്ല, ഞാൻ ഒരു സ്ത്രീയാണ്, പാഴ്‌സൽ അല്ല: തുറന്നടിച്ച് ആലിയ
അതേസമയം, മോഹൻലാൽ നായകനായ ട്വൽത്ത് മാൻ ആണ് ജീത്തുവിൻറെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ജൂലൈ 7നാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments