താരസംഘടനയായ അമ്മയിൽ വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉണ്ടാവുകയാണ്. കെ.ബി ഗണേഷ് കുമാർ അമ്മയുടെ ഫണ്ടുപയോഗിച്ച് രണ്ട് സ്ത്രീകൾക്ക് വീടുവെച്ചുകൊടുത്തെന്ന ആരോപണവുമായി നടൻ ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു. ഇപ്പോൾ, ഷമ്മിക്ക് മറുപടിയുമായി എത്തിയിരുക്കുകയാണ് നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ. രണ്ട് പാവപ്പെട്ട, വിധവകളായ സ്ത്രീകൾക്കാണ് വീടുവെച്ചുകൊടുത്തതെന്നും, ഷമ്മി തിലകന്റെ ആരോപണം കേട്ടാൽ കോടീശ്വരിമാർക്കാണ് വീട് നൽകിയതെന്ന് തോന്നുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ രണ്ട് കുടുംബങ്ങളും അവിടെ സന്തോഷമായി ജീവിക്കുന്നുവെന്നും ഗണേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ.ബി ഗണേഷ് കുമാറിന്റെ വാക്കുകൾ:
അന്ന് മമ്മൂക്കയായിരുന്നു ജനറൽ സെക്രട്ടറിയെന്നാണ് തോന്നുന്നത്. അമ്മ സംഘടന വീടുവെച്ചുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ, രണ്ട് വീട് എനിക്ക് തരുമോയെന്ന് ഞാൻ ചോദിച്ചു. അത് സമ്മതിക്കുകയും ചെയ്തു. അതിന്റെ പണം ബാങ്ക് വഴി ഇട്ടുതന്നു. അങ്ങനെ വീട് നിർമ്മിച്ചു. ബാക്കിവന്ന പൈസ ബാങ്ക് വഴി തന്നെ താരസംഘടനയ്ക്ക് മടക്കിക്കൊടുത്തു. ആ രണ്ട് കുടുംബങ്ങളും ഇന്ന് അവിടെ സന്തോഷമായി ജീവിക്കുന്നുണ്ട്.
എനിക്ക് വോട്ടുപിടിക്കാൻ ഇതിന്റെയൊന്നും ആവശ്യമില്ല. ഈ രണ്ട് വീട് വെച്ചുകൊടുത്തതുകൊണ്ടല്ല പത്തനാപുരത്തെ ജനങ്ങൾ എനിക്ക് വോട്ടുചെയ്തത്. അയാൾക്ക് അറിയാത്തതുകൊണ്ടാണ്, വേറെയും വീടുകൾ വെച്ചുകൊടുത്തിട്ടുണ്ട്. എന്റെ പ്രവാസികളായ സുഹൃത്തുക്കളും പ്രവാസി സംഘടനകളും ഞാൻ പറയുന്നത് കേട്ട് പത്തനാപുരത്ത് അനേകം പേർക്ക് വീടുവെച്ചുകൊടുത്തിട്ടുണ്ട്.
Post Your Comments