പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. ജിനു വർഗീസ് എബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയുടെ നിർമ്മിതി ബഹുഭാഷകളിലേക്ക് മാറേണ്ട കാലമാണിതെന്നാണ് പൃഥ്വിരാജ് പറയുന്നത്.
പൃഥ്വിരാജിന്റെ വാക്കുകൾ:
മലയാള സിനിമയുടെ നിർമ്മിതി ബഹുഭാഷകളിലേക്ക് മാറേണ്ട കാലമാണിത്. പാൻ ഇന്ത്യൻ ചിന്തകൾ മലയാള സിനിമയിലുണ്ടാകണം. കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാണ കേന്ദ്രം എന്നതിനൊപ്പം പ്രേക്ഷകർ ആഗ്രഹിക്കുന്ന മാസ് സിനിമകളും ഇവിടെയുണ്ടാകണം. ഇതര ഭാഷകളിലുണ്ടാകുന്ന മികച്ച സിനിമകൾ നമ്മൾ ശ്രദ്ധിക്കുകയും കാണുകയും ചെയ്യുന്നതു പോലെ നമ്മുടെ സിനിമകൾ മറ്റു ഭാഷക്കാരും സ്വീകരിക്കുന്ന തലത്തിലേക്ക് ഉയരണം.
വെബ് സീരീസുകൾ നിർമ്മിക്കാനും അതിൽ അഭിനയിക്കാനും ഒരുപാട് ക്ഷണങ്ങൾ വരുന്നുണ്ട്. താര സംഘടനയായ ‘അമ്മ’യുടെ യോഗങ്ങളിൽ യുവ നടൻമാരുടെ പങ്കാളിത്തം കുറയുന്നതിനെപ്പറ്റി അസോസിയേഷൻ ഭാരവാഹികൾ വിശദീകരണമൊന്നും ചോദിച്ചിട്ടില്ല. അങ്ങനെ ഒന്നു വന്നാൽ അപ്പോൾ ആലോചിച്ച് മറുപടി നൽകാം.
Also Read: രണ്‍ബീര്‍ കപൂറിന്റെ ‘ഷംഷേര’: പുതിയ വീഡിയോ ഗാനം പുറത്ത്
ചിത്രത്തിലെ നായിക സംയുക്ത മേനോൻ, നടൻമാരായ കലാഭവൻ ഷാജോൺ, സുധീർ കരമന, അലൻസിയർ, രാഹുൽ മാധവ്, നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Post Your Comments