താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടന്നിരുന്നു. യുവനടിയുടെ പീഡന പരാതിയിൽ ആരോപണ വിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവും യോഗത്തിന് എത്തിയിരുന്നു. വിജയ് ബാബുവിനെതിരായ പരാതി ‘അമ്മ ‘ യോഗത്തിൽ ചർച്ച ചെയ്തെന്നാണ് വിവരം. എന്നാൽ, തന്റെ വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ വിജയ് ബാബു മാറിനിന്നു. വിജയ് ബാബുവിന്റെ വിഷയത്തിൽ സംഘടനാംഗങ്ങളുടെ അഭിപ്രായമാണ് യോഗത്തിൽ തേടിയത്. വിജയ് ബാബുവിന്റെ സാന്നിധ്യം അതിന് തടസമാകുമെന്ന കാരണത്താൽ നടൻ ചർച്ചയിൽ പങ്കെടുത്തില്ലെന്നാണ് വിവരം.
യോഗത്തിൽ ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്. വിജയ് ബാബുവിനെതിരെ സംഘടന നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കുക്കു പരമേശ്വരൻ, ശ്വേത മേനോൻ, മാല പാർവ്വതി എന്നിവർ ഐസിസിയിൽ നിന്നും രാജി വെച്ചിരുന്നു. ഇക്കാര്യവും യോഗം ചർച്ച ചെയ്തു.
ഐസിസിയിൽ നിന്നുള്ള കുക്കു പരമേശ്വൻ, ശ്വേത മേനോൻ, മാല പാർവ്വതി എന്നിവരുടെ രാജിയിൽ പ്രതികരിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ വിഷയങ്ങൾ സ്ത്രീകളുടെ സംഘടനയിൽ അറിയിക്കണമെന്ന് മണിയൻ പിള്ള രാജു പറഞ്ഞിരുന്നു. വിവാദമായ ഈ പാരാമർശവും സംഘടനയിൽ ചർച്ചയായെന്നാണ് വിവരം.
Post Your Comments