‘ടൈറ്റാനിക്ക്’ എന്ന ചിത്രത്തിലൂടെ ഒരു ദുരന്തയാത്രയെ ഒരു അവിസ്മരണീയ പ്രണയകാവ്യമാക്കി മാറ്റുകയായിരുന്നു ജെയിംസ് കാമറൂൺ എന്ന സംവിധായകൻ. ലോക സിനിമാ പ്രേമികൾ ‘ടൈറ്റാനിക്ക്’ എന്ന ചിത്രവും ജാക്കിന്റെയും റോസിന്റെയും പ്രണയവും ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. അത്രത്തോളം പ്രേക്ഷകരെ സ്വാധീനിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. 1997ലാണ് ‘ടൈറ്റാനിക്ക്’ റിലീസ് ചെയ്തത്. ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച എഡിറ്റിംഗ്, മികച്ച ഒറിജിനൽ ഗാനം എന്നിവ ഉൾപ്പെടെ 11 അക്കാദമി അവാർഡുകൾ ചിത്രം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. അടുത്ത വാലന്റൈൻസ് ദിനത്തിൽ ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പ് പുറത്തിറക്കാൻ അണിയറ പ്രവർത്തകർ പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ‘ടൈറ്റാനിക്കി’ന്റെ 25-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. അന്തർ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
3ഡി 4കെ എച്ച് ഡിആറിലും ഉയർന്ന ഫ്രെയിം റേറ്റിലും റീമാസ്റ്റേർഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് വിവരം. 2023 ഫെബ്രുവരി 10 മുതൽ അന്താരാഷ്ട്ര തലത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
Also Read: അജിത്തിന്റെ നായികയായി മഞ്ജു വാര്യർ?
അതേസമയം, 2012-ൽ ‘ടൈറ്റാനിക്കി’ന്റെ 3ഡി പതിപ്പ് പുറത്തിറങ്ങിയിരുന്നു. ആഗോള ബോക്സ് ഓഫീസിൽ 2.2 ബില്യൺ ഡോളറുമായി ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ‘ടൈറ്റാനിക്ക്’ മൂന്നാം സ്ഥാനത്താണ്.
Post Your Comments