കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘777 ചാർളി’. ഒരു യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ധർമ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന രണ്ട് മലയാള ഗാനങ്ങളുമുണ്ട്. സംഗീത ശൃംഗേരിയാണ് സിനിമയിൽ നായികയായി എത്തുന്നത്. ബോബി സിംഹയും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.
Also Read: ന്യൂയോർക്കിൽ ഹോംവെയർ ലൈൻ അവതരിപ്പിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര
ഇപ്പോളിതാ, അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾക്ക് കേരള ബോക്സ് ഓഫീസിൽ വിജയം നേടാനാവാതെ പോയപ്പോൾ സാൻഡൽവുഡ് ചിത്രം ‘777 ചാർളി’ മികച്ച വിജയം നേടി എന്ന വിവരമാണ് പുറത്ത് വരുന്നത്. റിലീസ് ചെയ്ത് 12 ദിവസം കഴിഞ്ഞപ്പോൾ ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് മൂന്ന് കോടി രൂപയാണ്. പ്രകാശൻ പറക്കട്ടെ, വാശി, ഹെവൻ എന്നീ മലയാള ചിത്രങ്ങളെ കടത്തിവെട്ടിയാണ് ചിത്രത്തിന്റെ ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്.
ടൊവിനോ തോമസും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘വാശി’ മികച്ച ചിത്രമെന്ന് പേര് നേടിയിട്ടും ബോക്സ് ഓഫീസ് കളക്ഷൻ നേടുന്നതിൽ പരാജയപ്പെട്ടെന്നാണ് വിവരം. 85 ലക്ഷം രൂപ മാത്രമാണ് മൂന്ന് ദിവസം പിന്നിട്ടപ്പോൾ ചിത്രത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. മാത്യൂ തോമസ് പ്രധാന വേഷത്തിലെത്തിയ ‘പ്രകാശൻ പറക്കട്ടെ’യാണ് അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ കളക്ഷനിൽ മുന്നിൽ. 1.25 കോടി രൂപയാണ് മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത്.
Post Your Comments