പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാനാണ് എത്തുന്നത്. കൃതി സനോൺ, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സൽ ഷേത്, തൃപ്തി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ പ്രഭാസിന്റ പ്രതിഫലത്തെ കുറിച്ചുള്ള വാർത്തയാണ് പുറത്ത് വരുന്നത്. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തിൽ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇപ്പോൾ പ്രഭാസ് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതോടെ ‘ആദിപുരുഷി’ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോർട്ട്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
Also Read: ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്: മംമ്ത മോഹന്‍ദാസ്
അതേസമയം, പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘സലാർ’ ആണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തിൽ അഭിനയിക്കുക എന്നാണ് റിപ്പോർട്ട്. രണ്ട് കാലഘട്ടങ്ങളിൽ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുക എന്നാണ് പുറത്ത് വരുന്ന വിവരം. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
Post Your Comments