വിജയ്യെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രമായിരുന്നു ബീസ്റ്റ്. ഒരു റോ ഏജന്റായാണ് വിജയ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും, അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. മലയാളത്തിൽ നിന്ന് നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ബീസ്റ്റിന്റെ റിലീസിന് മുന്നേ തന്നെ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വന്നിരുന്നു.
ഇപ്പോളിതാ, ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഷൈൻ ടോം ചാക്കോ. ബീസ്റ്റ് കണ്ടിട്ടില്ലെന്നും സിനിമയെക്കുറിച്ചുള്ള ട്രോളുകളാണ് കണ്ടതെന്നുമായിരുന്നു നടന്റെ പ്രതികരണം. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായിരുന്നു ഷൈൻ ഇക്കാര്യം പറഞ്ഞത്.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ:
പടം നന്നായിട്ടില്ലെങ്കിലും ട്രോൾ നന്നാവുന്നുണ്ടല്ലോ. ഞാൻ ബീസ്റ്റ് കണ്ടിട്ടില്ല. പോക്കിരി കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീർക്കുക എന്നൊക്കെ പറഞ്ഞാൽ…. ഞാൻ വിക്രം എന്ന ചിത്രവും കണ്ടിട്ടില്ല. കണ്ടാൽ ഫഹദ് ഫാസിലിനോടും വിജയ് സേതുപതിയോടും അസൂയ തോന്നും. തമിഴിൽ നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്.
സിനിമയിൽ ഒരു തീവ്രവാദിയുടെ വേഷത്തിലായിരുന്നു താരം അഭിനയിച്ചത്. ചിത്രം റിലീസായതിന് പിന്നാലെ ആരാധകർ ഷൈൻ ടോം ചാക്കോയ്ക്ക് ചിത്രത്തിൽ നൽകിയ വേഷത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.
Post Your Comments