കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളി സാന്നിധ്യമായി നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. അതിഥി വേഷത്തിൽ സൂര്യയും അഭിനയിക്കുന്നുണ്ട്.
ഇപ്പോളിതാ, ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച് സംസാരിക്കുകയാണ് കമൽ ഹാസൻ. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെയും സ്വത്താണ് ഫഹദ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉലക നായകൻ ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: ആദ്യം കണ്ടപ്പോൾ അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നി, പിന്നെ അതൊക്കെ മാറി: ടൊവിനോ തോമസ്
കമൽ ഹാസന്റെ വാക്കുകൾ:
അപാര കഴിവുള്ള നടനാണ് ഫഹദ്. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെയും സ്വത്താണ് അദ്ദേഹം. ഫഹദിനെ വിക്രമിലേക്ക് തെരഞ്ഞെടുക്കാൻ കാരണം കഴിവ് മാത്രമാണ്. അല്ലാതെ മലയാളിയായതുകൊണ്ടല്ല. അടുത്ത പത്ത് വർഷം പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന സിനിമയായിരിക്കും വിക്രം. ഫഹദിനൊപ്പം വിജയ് സേതുപതിയുടെ അഭിനയവും എന്നെ ആകർഷിച്ചു. അവരിൽ നിന്നും പലതും പഠിക്കുകയായിരുന്നു. ഇരുവരെയും ചേർത്ത് ഒരു സിനിമ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു പോയി.
കൂടാതെ, മലയാള സിനിമയിൽ അഭിനയിക്കാൻ എപ്പോഴും ഞാൻ തയ്യാറാണ്. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങൾ ചെയ്യാൻ കഴിയും എന്നൊരു സാധ്യതയുണ്ട്. എന്നാൽ, സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാൻ കഴിഞ്ഞാൽ മലയാള സിനിമയിൽ ഞാൻ ഇനിയുമെത്തും.
Post Your Comments