മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഭീമൻ രഘു. ആദ്യ കാലങ്ങളിൽ കൂടുതലും വില്ലൻ വേഷങ്ങളിലായിരുന്നു നടൻ എത്തിയത്. എന്നാൽ, പിന്നീട് കോമഡി വേഷങ്ങളിലും ഭീമൻ രഘു തിളങ്ങി. ഭീമൻ രഘുവിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഗോഡ്ഫാദർ എന്ന ചിത്രത്തിലെ പ്രേമചന്ദ്രൻ. എൻ.എൻ. പിള്ള നായകനായെത്തിയ ഗോഡ്ഫാദർ എന്ന ചിത്രം മലയാളത്തിൽ ഏറ്റവുമധികം വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്ന് കൂടിയാണ്. സിനിമയോടൊപ്പം തന്നെ മുകേഷ്, ഇന്നസെന്റ്, തിലകൻ, ജഗദീഷ്, സിദ്ധിഖ്, ഭീമൻ രഘു എന്നിവരുടെ കഥാപാത്രങ്ങളെയും ആരാധകർ ഏറ്റെടുത്തു.
ഇപ്പോളിതാ, ഗോഡ്ഫാദർ എന്ന ചിത്രത്തിലെ പ്രേമചന്ദ്രൻ എന്ന ഈ കഥാപാത്രത്തിലേക്ക് വന്നതിനെ പറ്റി പറയുകയാണ് ഭീമൻ രഘു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.
ഭീമൻ രഘുവിന്റെ വാക്കുകൾ:
അച്ഛനും എൻ.എൻ. പിള്ള ചേട്ടനും ചെറുപ്പത്തിൽ വൈക്കത്തായിരുന്നു താമസം. ഇവർ പിന്നെ രണ്ട് വഴിക്കായി പോവുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം സിദ്ധിഖ് – ലാൽ എൻ.എൻ. പിള്ള ചേട്ടനെ നായകനാക്കി ചെയ്യുന്ന ഗോഡ്ഫാദർ തുടങ്ങാൻ പോവുകയാണെന്ന് അറിഞ്ഞു. അപ്പോൾ പിള്ള ചേട്ടനെ കാണാൻ അച്ഛനൊരു ആഗ്രഹം. ഞാൻ അന്വേഷിച്ചപ്പോൾ കോഴിക്കോട് സിനിമക്കായി പിള്ള ചേട്ടൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. ഞങ്ങൾ അവിടെ ചെന്നു. അവർ തമ്മിൽ കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി. ഞാൻ അപ്പോൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
Also Read: ഡിവോഴ്സ് കിട്ടിയിട്ട് ഇപ്പോൾ ഒരു എട്ടു, പത്തു വർഷമായി: കുടുംബജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മനീഷ
പിന്നാലെ റിസപ്ഷനിൽ നിന്നും സിദ്ധിഖിനെ വിളിക്കണമെന്ന് പറഞ്ഞു. ഞാൻ വിളിച്ചു. ഒരു പടത്തിന്റെ ഷൂട്ട് തുടങ്ങാൻ പോവാണ്. ചേട്ടൻ ഫ്രീയാണോയെന്ന് ചോദിച്ചു. പിള്ള ചേട്ടൻ അച്ഛന്റെ സുഹൃത്താണ്, അദ്ദേഹത്തിന് പിള്ള ചേട്ടനെ കാണണമെന്ന് പറഞ്ഞപ്പോൾ കൊണ്ടുവന്നതാണെന്ന് പറഞ്ഞു. എങ്കിൽ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ ചെന്നു. അന്ന് ഞാൻ മുടിയും താടിയും ചെറുതായി നീട്ടി വളർത്തിയിട്ടുണ്ട്. ഇതെന്തിനാണെന്ന് ചോദിച്ചപ്പോൾ ഒരു കന്നഡ പടത്തിനായി നീട്ടി വളർത്തിയതാണെന്ന് പറഞ്ഞു. നാളെ ഒന്നു കാണണേന്ന് പറഞ്ഞു.
പിറ്റേന്ന് സിദ്ധിഖും ലാലും കൂടി വന്നു. ചിത്രത്തിൽ പ്രേമചന്ദ്രൻ എന്നൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞു. യഥാർത്ഥത്തിൽ നെടുമുടി വേണുവിനെയൊക്കെ സെലക്ട് ചെയ്തുവെച്ച കഥാപാത്രമാണ്, ഒരുപാട് പേർ ചേട്ടനെ ഇട്ടാൽ കൊള്ളാമെന്ന് പറഞ്ഞു
എന്നായിരുന്നു അവർ പറഞ്ഞത്. ഞാൻ അപ്പോൾ കന്നഡ പടത്തിന്റെ കാര്യം പറഞ്ഞു. എന്നാണ് അത് തുടങ്ങുന്നതെന്ന് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അവർ പോയി കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു. എടാ കന്നഡ പടമൊക്കെ അവിടെ കിടക്കും, കേട്ടത് വെച്ച് നോക്കുമ്പോൾ ഇത് നല്ല കഥാപാത്രമാണ്, നീ ഇത് ചെയ്യ് എന്നിട്ട് മറ്റേതിലേക്ക് പോയാൽ മതിയെന്ന് . അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചു. അതായിരുന്നു പ്രേമചന്ദ്രൻ എന്ന കഥാപാത്രം. ആ സിനിമയിലെ ഏറ്റവും സുന്ദരനായ കഥാപാത്രമായിരുന്നു എന്റേത്.
Post Your Comments