ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പുതിയ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു. കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ടൈസൺ എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റിൽ പോസ്റ്ററിനൊപ്പമാണ് സർപ്രൈസ് പ്രഖ്യാപനം വന്നത്. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ടൈസൺ എത്തുക. ഹൊംബാളെ ഫിലിംസുമായി പൃഥ്വിരാജ് നേരത്തെ സഹകരിച്ചിട്ടുണ്ട്. കെജിഎഫ് 2 എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവ്വഹിച്ചത് പൃഥ്വിരാജ് ആയിരുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ശേഷമായിരിക്കും ടൈസണിന്റെ പ്രൊഡക്ഷനിലേക്ക് കടക്കുക എന്നാണ് വിവരം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം എമ്പുരാന്റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു. മുരളി ഗോപിയാണ് എമ്പുരാന്റെയും തിരക്കഥ ഒരുക്കുന്നത്. അതേസമയം, മുരളി ഗോപിയുടെ രചനയിൽ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ടൈസൺ. ചിത്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.
Also Read: താങ്ക്യൂ റോളക്സ് സർ: സൂര്യക്ക് നന്ദി അറിയിച്ച് രാജ് കമൽ ഫിലിംസ്
മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹൻലാലിനെ തന്നെ ടൈറ്റിൽ കഥാപാത്രമാക്കി ബ്രോ ഡാഡി എന്ന് ചിത്രവും പൃഥ്വിരാജ് ഒരുക്കി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻറെ ഡയറക്ട് റിലീസ് ആയിരുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
Post Your Comments