ചന്ദ്രപ്രകാശ് ദ്വവേദി ഒരുക്കിയ അക്ഷയ് കുമാർ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ പരാജയത്തിൽ അതൃപ്തി അറിയിച്ച് വിതരണക്കാരും രംഗത്തെത്തി. 250 കോടിയോളം മുടക്കിയൊരുക്കിയ ചിത്രത്തിന് 48 കോടിയേ ബോക്സ് ഓഫീസിൽ തിരിച്ചുപിടിക്കാനായുള്ളൂ. ജൂൺ 3ന് പുറത്തിറങ്ങിയ ചിത്രത്തിന് വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചത്. മാനുഷി ഛില്ലാറായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആദിത്യ ചോപ്രയാണ് സിനിമ നിർമ്മിച്ചത്.
സാമ്രാട്ട് പൃഥ്വിരാജിന് മുൻപ് റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം ബച്ചൻ പാണ്ഡെയും വിചാരിച്ച അത്രയും വരുമാനം നേടിയിരുന്നില്ല.180 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിന് 68 കോടി മാത്രമേ നേടാനായുള്ളൂ. ബച്ചൻ പാണ്ഡെ വരുത്തിയ നഷ്ടം പൃഥ്വിരാജിലൂടെ നികത്താമെന്നായിരുന്നു വിതരണക്കാരുടെ കണക്കുകൂട്ടൽ. എന്നാൽ, ഇപ്പോൾ ആ പ്രതീക്ഷയും പോയതോടെയാണ് അതൃപ്തി അറിയിച്ച് വിതരണക്കാർ രംഗത്തെത്തിയത്.
ഒരു ചിത്രം പരാജയമായാൽ തെലുങ്കിലും തമിഴിലുമെല്ലാം വിതരണക്കാരുടെയും നഷ്ടം നികത്താൻ താരങ്ങൾ മുൻകൈ എടുക്കാറുണ്ടെന്നും, അത്തരത്തിൽ അക്ഷയ് കുമാർ തങ്ങളെ സഹായിക്കാൻ തയാറാകണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം.
‘അക്ഷയ് കുമാർ എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. തെലുങ്കിൽ ചിരഞ്ജീവി ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോൾ വിതരണക്കാരുടെ നഷ്ടം നികത്തി. ഹിന്ദി സിനിമകളുടെ തുടർച്ചയായ പരാജയം ഞങ്ങളിൽ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. എന്തിന് ഞങ്ങൾ മാത്രം സഹിക്കണം. ഞങ്ങളുടെ നഷ്ടം ആര് നികത്തും. 100 കോടിയോളമാണ് അക്ഷയ് കുമാർ പ്രതിഫലം വാങ്ങിക്കുന്നത്. ഞങ്ങളെ സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കുകയില്ലേ? ഞങ്ങളിൽ പലരും കടം കേറി തകർന്നു. ബച്ചൻ പാണ്ഡെയും സാമ്രാട്ട് പൃഥ്വിരാജും വലിയ നഷ്ടമാണ് വരുത്തിയത്. സൂപ്പർതാരങ്ങൾക്ക് അവരുടെ ബാങ്ക് ബാലൻസിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ‘, വിതരണക്കാർ പറയുന്നു.
Post Your Comments