മുബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജർ എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ശശി കിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത് അദിവി ശേഷ് ആണ്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമാണ് ചിത്രം റിലീസ് ചെയ്തത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇപ്പോളിതാ, ചിത്രത്തിലെ നായകൻ അദിവി ശേഷ് മലയാള സിനിമകളെയും നടന്മാരെയും കുറിച്ച് സംസാരിക്കുകയാണ്. മേജറിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. ലൂസിഫറിലെ മാസ്സ് സീനിനെ കുറിച്ചും താൻ മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റെയും ഫാനാണെന്നുമാണ് അദ്ദേഹം പറയുന്നത്.
അദിവി ശേഷിന്റെ വാക്കുകൾ:
ഞാൻ മലയാള സിനിമകൾ കണ്ടു തുടങ്ങാനുള്ള കാരണം മമ്മൂട്ടി സാറാണ്. തമിഴ് സിനിമയായ ദളപതിയിൽ അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ വ്യത്യസ്തമായ സിനിമകൾ ഞാൻ കാണാൻ തുടങ്ങിയത്. കുട്ടിയായിരുന്ന സമയത്ത് പേരൊന്നും അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ വെറുതെ കണ്ടിരിക്കും. ഇപ്പോൾ ദുൽഖർ എന്റെ അടുത്ത സുഹൃത്താണ്.
കുമ്പളങ്ങി നൈറ്റ്സിലെ ഷെയ്ൻ നിഗം ചെയ്ത റോൾ എനിക്ക് ആരെങ്കിലും ഓഫർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ, എനിക്ക് അങ്ങനെയുള്ള റോളുകൾ വരാറില്ല. അതിനു കാരണം എനിക്ക് ആക്ഷൻ ഇമേജ് ഉള്ളത് കൊണ്ടാണ്. ഈ അടുത്ത് ഇറങ്ങിയ ഭീഷ്മപർവവും, അതിലെ മമ്മൂട്ടി സാറിന്റെ ഹിന്ദിയും എനിക്ക് ഇഷ്ടമായി. അതിനൊക്കെ അതിന്റെതായ ഒരു സ്റ്റൈൽ ഉണ്ട്. ജന ഗണ മനയും ഞാൻ അത്തരത്തിൽ ശ്രദ്ധിച്ച ഒരു സിനിമയാണ്. ഞാൻ ഒരു പൃഥ്വിരാജ് ഫാനാണ്. അദ്ദേഹം എന്റെ മേജർ എന്ന സിനിമയുടെ ടീസറും ട്രെയ്ലറുമൊക്കെ റിലീസ് ചെയ്തിരുന്നു.
മലയാളം ഇൻഡസ്ട്രിയിലെ ക്രാഫ്റ്റിങ്ങിൽ അല്പം കൂടെ സത്യസന്ധതയുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇവിടുത്തെ സിനിമകൾ റിയലിസ്റ്റിക് ആണ്. ലൂസിഫർ പോലെ ഒരു മാസ് സിനിമയിൽ വരെ അത് കാണാൻ സാധിക്കും. മോഹൻലാൽ സാർ ഇൻട്രൊഡക്ഷൻ സീനിൽ കാറിൽ നിന്നിറങ്ങി നടക്കുന്നതൊക്കെ മാസ് സീനാണ്. എങ്കിൽ പോലും അത് റിയലിസ്റ്റിക് ആയാണ് അവതരിപ്പിച്ചത്.
Post Your Comments