
തീവ്ര ഹിന്ദുത്വ പ്രാചാരകനും അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് നേതാവുമായ പ്രതീഷ് വിശ്വനാഥിനെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രതീഷ് തന്റെ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ചലച്ചിത്ര താരവും സുഹൃത്തുമായ ഉണ്ണിമുകുന്ദൻ വീട്ടിലെത്തിയപ്പോൾ,’ എന്ന തലക്കെട്ടോടെ ഇരുവരും ഒരുമിച്ചുള്ള ചിത്രവും പ്രതീഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയത്തെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കെയാണ് സന്ദർശനം. മേപ്പടിയാൻ സിനിമയിൽ സംഘപരിവാർ അജണ്ടകൾ ഒളിച്ചുകടത്താൻ ശ്രമിച്ചുവെന്ന ആരോപണങ്ങളും നടനെതിരെ ഉണ്ടായിരുന്നു. ഇപ്പോളത്തെ സന്ദർശനം കൂടിയായതോടെ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
അതേസമയം, കലാപാഹ്വാനം നടത്തിയതിന് പ്രതീഷിനെതിരെ, ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന ഇൻ ചാർജുമായ അനൂപ് വി ആർ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. ‘അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി’, എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെയാണ് പരാതി.
Post Your Comments