ബോളിവുഡിന്റെ പ്രിയഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്തിന് വിട നൽകി സംഗീത ലോകം. മുംബൈ വർസോവയിലെ ശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ കെ കെയുടെ മൃതദേഹം സംസ്കരിച്ചു. എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഗായകൻ ജാവേദ് അലി, അഭിജീത്ത് ഭട്ടാചാര്യ, ഗായിക ശ്രേയാ ഘോഷാൽ തുടങ്ങി പ്രമുഖർ അദ്ദേഹത്തിന് ആദരമർപ്പിക്കാനെത്തി. തന്റെ ഇളയ സഹോദരനെയാണ് നഷ്ടമായതെന്ന് ഗായകൻ ഹരിഹരൻ അനുസ്മരിച്ചു.
കഴിഞ്ഞ ദിവസം ഒരു സംഗീത പരിപാടിക്കിടെയാണ് കെ കെയ്ക്ക് ക്ഷീണം അനുഭവപ്പെട്ടത്. കൊൽക്കത്തയിലെ നസ്രുൾ മഞ്ച ഓഡിറ്റോറിയത്തിൽ പരിപാടി അവതരിപ്പിച്ച ശേഷം താമസിക്കുന്ന ഹോട്ടലിലെത്തിയ കെ കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിപാടിക്കിടെ ചൂട് സഹിക്കാനാകാതെ കെ കെ അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന്, സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഗായകന്റെ അകാലമരണത്തെക്കുറിച്ചുള്ള ആരോപണം ഒരു വശത്ത് നിൽക്കേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. മരണകാരണം ഹൃദയാഘാതം തന്നെയാണെന്നാണ് പ്രാഥമിക വിവരം.
Post Your Comments