വാഗമൺ ഓഫ് റോഡ് ഡ്രൈവ് കേസിൽ നടൻ ജോജു ജോര്‍ജ് പിഴ അടച്ചു. തേയില തോട്ടത്തിൽ ഓഫ് റോഡ് ഡ്രൈവ് നടത്തിയതിന് മോട്ടോർ വാഹനവകുപ്പാണ് നടനിൽ നിന്ന് 5000 രൂപ പിഴ ഈടാക്കിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ ഡ്രൈവിനുമാണ് മോട്ടോർ വാഹനവകുപ്പ് പിഴ ഇട്ടത്.
ഓഫ് റോഡ് റെയ്സ് കേസിൽ ചൊവ്വാഴ്ച രഹസ്യമായി നടൻ ജോജു ജോര്‍ജ് ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ നേരിട്ട് ഹാജരായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജിന് നോട്ടീസ് അയച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു താരം ഹാജരായത്. അനുമതി ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലായിരുന്നുവെന്നാണ് ജോജു മൊഴി നൽകിയത്. ജോജു ജോർജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആർടിഒ വ്യക്തമാക്കി.
പരിപാടിയിൽ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേർക്ക് വാഗമൺ പോലീസ് നോട്ടീസ് അയച്ചിരുന്നു. വാഹനങ്ങളുമായി നേരിട്ട് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. നാലു പേർ നേരത്തെ ഹാജരായി ജാമ്യം എടുത്തിരുന്നു. റെയ്സിൽ പങ്കെടുത്ത ജോജു ജോർജിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് വാഗമൺ സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്യു ജില്ലാ പ്രസിഡൻറ് ടോണി തോമസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Post Your Comments