കങ്കണ റണൗത്തിനെ കേന്ദ്ര കഥാപാത്രമാക്കി റസ്നീഷ് റാസി ഒരുക്കിയ ധാക്കഡിന് തുടരെ തിരിച്ചടികള്‍. ഒരു സ്പൈ ത്രില്ലറായി ഒരുങ്ങിയ ചിത്രം തിയറ്ററിൽ വൻ പരാജയമാണ് നേരിട്ടത്. ഇപ്പോളിതാ, ചിത്രത്തിന്റെ ഒടിടി റിലീസും പ്രതിസന്ധിയിലായിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി, സാറ്റ്ലൈറ്റ് വിൽപ്പന ഇതുവരെ നടന്നിട്ടില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്.
ധാക്കഡിന്റെ നിര്‍മ്മാതാക്കള്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെ സമീപിച്ചെങ്കിലും, ഇതുവരെയും കരാറിന് ധാരണയായിട്ടില്ല. ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതിനാല്‍ വലിയ ലാഭം ഒടിടി, സാറ്റ്ലൈറ്റ് വില്‍പ്പനയിലൂടെ ലഭിക്കാനും സാധ്യതയില്ല.
സാധാരണയായി സിനിമയുടെ റിലീസിനു മുമ്പേ തന്നെ ഒടിടി, സാറ്റ്ലൈറ്റ് വില്‍പ്പന നടത്താറുണ്ട്. പക്ഷെ, തിയറ്ററിലെ വിജയത്തിന് ശേഷം വലിയ തുകയ്ക്ക് ധാക്കഡിന്റെ സ്ട്രീമിംഗ് അവകാശം വില്ക്കാമെന്നായിരുന്നു നിർമ്മാതാക്കൾ കരുതിയത്. ഇതാണ് തിരിച്ചടിയായിരിക്കുന്നത്.
80 കോടിയുടെ മേൽ ചെലവാക്കി നിർമ്മിച്ച ചിത്രത്തിന് ഇതുവരെ 3 കോടി രൂപയാണ് നേടാനായത്. 4,420 രൂപ മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷൻ. മുംബൈയിലെ തിയറ്ററുകളിൽ ഒരാഴ്ച കൂടിയേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, കങ്കണയുടെ ഈ അടുത്ത കാലത്തെ ചിത്രങ്ങളിൽ വച്ച് ഏറ്റവും മോശം പ്രതികരണവും കളക്ഷനും നേടുന്ന ചിത്രമായി ധാക്കഡ് മാറിയിരിക്കുകയാണ്.
ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ ചിത്രത്തിൽ എത്തിയത്. അര്ജുന് രാംപാല്‍, ദിവ്യാ ദത്ത എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments