എഴുപത്തി അഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യക്ക് അഭിമാന നിമിഷം. ഇന്ത്യയിൽ നിന്നുള്ള ‘ഓൾ ദാറ്റ് ബ്രീത്സ്’ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം കരസ്ഥമാക്കി. കാൻ ഫിലിം ഫെസ്റ്റിവലുമായി സഹകരിച്ച് ഫ്രാൻസിലെ ഓതേഴ്സ് സൊസൈറ്റി 2015ൽ സ്ഥാപിച്ചതാണ് ഗോൾഡൻ ഐ ഡോക്യുമെന്ററി പുരസ്കാരം. 5000 യൂറോയാണ് സമ്മാനത്തുക. ഷൗനക് സെന്നാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധായകൻ.
ഡൽഹി വസീറാബാദ് എന്ന സ്ഥലത്തെ സഹോദരങ്ങളായ മുഹമ്മദ് സൗദും നദീം ഷഹ്സാദും, പരിക്കേറ്റ പക്ഷികളെ രക്ഷപ്പെടുത്തി പരിചരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.
പോളിഷ് സംവിധായിക അഗ്നിയേസ്ക ഹോളണ്ട്, യുക്രെയ്ൻ എഴുത്തുകാരിയും സംവിധായികയുമായ ഇറീന സില്യക്, ഫ്രഞ്ച് നടൻ പിയറി ഡെലെഡോൺഷാംപ്സ്, മൊറോക്കൻ സംവിധായകൻ ഹിഷാം ഫലാഹ്, മാധ്യമപ്രവർത്തകൻ അലക്സ് വിസെന്റെ എന്നിവരടങ്ങിയ ജൂറിയാണ് മികച്ച ഡോക്യുമെന്ററിയായി ‘ഓൾ ദാറ്റ് ബ്രീത്സ്’ തെരഞ്ഞെടുത്തത്.
നേരത്തേ, സുൻഡൻസ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയിരുന്ന ‘ഓൾ ദാറ്റ് ബ്രീത്സി’നെ എച്ച്ബിഒ ഡോക്യുമെന്ററി ഫിലിംസ് വാങ്ങിയിരുന്നു.
Post Your Comments