
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹാനു രാഘവപുഡി ഒരുക്കുന്ന ചിത്രമാണ് സീതാ രാമം. ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പാൻ ഇന്ത്യൻ ചിത്രമായ സീതാ രാമം ആഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുന്നത്. മഹാനടി എന്ന ചിത്രം നിർമ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ എത്തുന്നുണ്ട്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പിഎസ് വിനോദ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിശാൽ ചന്ദ്രശേഖർ ഗാനങ്ങൾക്ക് സംഗീതം പകരുന്നു. നേരത്തെ, റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ട്രെയ്ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Post Your Comments